തിരുവനന്തപുരം: സംസ്ഥാന നിയമസഭയിൽ കേരള കോൺഗ്രസിന്റെ നേതാവ് പിജെ ജോസഫ് തന്നെയെന്ന് വ്യക്തമാക്കി ജോസഫ് വിഭാഗം സ്പീക്കർക്ക് കത്ത് നൽകി. ജോസഫിനെതരെ ജോസ് കെ മാണി വിഭാഗം നൽകിയ കത്ത് തള്ളി തങ്ങളുടെ കത്ത് സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പിജെ ജോസഫ് തന്നെയാണ് നിയമസഭാ കക്ഷി നേതാവെന്ന് മോൻസ് കെ ജോസഫ് പറഞ്ഞു. ചട്ടപ്രകാരമാണ് ജോസഫിനെ തെരഞ്ഞെടുത്തതെന്നും ജോസ് പക്ഷത്തിന്റെ കത്ത് സ്പീക്കർ തള്ളണമെന്നും അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനത്തിനുള്ള തർക്കം കൂടുതൽ മൂർധന്യാവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. വിഷയത്തിൽ യോജിപ്പിനുള്ള സാധ്യതകൾ പൂർണ്ണമായി തള്ളി പിജെ ജോസഫ് നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. ജോസ് കെ മാണി എംപിയെ പാർട്ടി ചെയർമാനാക്കാനാണ് മറുവിഭാഗത്തിന്റെ ശ്രമം. എന്നാൽ പാർട്ടിയുടെ അനിഷേധ്യ നേതാവാണ് പിജെ ജോസഫ് എന്ന് ജോസഫ് വിഭാഗം നേതാക്കൾ വാദിക്കുന്നു. ജോസഫിന്റെ നേതൃത്വം അംഗീകരിക്കാൻ ജോസ് കെ മാണി തയ്യാറാകണമെന്നാണ് മറുവിഭാഗത്തിന്റെ ആവശ്യം.  പിജെ ജോസഫിനെ കേരളകോൺഗ്രസ് ചെയർമാനായി അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം സ്പീക്കർ പി ശ്രീരാമകൃഷ്ണന് കത്തുനൽകിയത്.