കോട്ടയം: കേരളാ കോണ്‍ഗ്രസ് എം പിളര്‍ന്നതോടെ വരുന്ന പാലാ ഉപതെരഞ്ഞെടുപ്പില്‍ നീക്കങ്ങള്‍ ശക്തമാക്കി എല്‍ഡിഎഫ്. പരമ്പാരഗതായി മാണി വിഭാഗം മത്സരിക്കുന്ന പാലയില്‍ യുഡിഎഫ് അവരെ പിന്തുണച്ചാല്‍ ജോസഫ് ഗ്രൂപ്പ് വെട്ടിലാകും. പി സി ജോര്‍ജ്ജിന്‍റെ ജനപക്ഷം മുന്നണിയിലുണ്ടായിട്ടും ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാര്യമായ മുന്നേറ്റം കിട്ടാത്തതിന്‍റെ ആശങ്കയിലാണ് എൻഡിഎ.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ 33472 വോട്ടിന് പിന്നില്‍ പോയെങ്കിലും വരുന്ന ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിലുണ്ടായ പൊട്ടിത്തെറിയാണ് എല്‍ഡിഎഫിന്‍റെ പ്രതീക്ഷ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലയില്‍ കെ എം മാണിയും എൻസിപിയിലെ മാണി സി കാപ്പനും തമ്മിലുള്ള വ്യത്യാസം 4703 വോട്ടുകള്‍ മാത്രമായിരുന്നു. പിളരുന്ന കേരള കോണ്‍ഗ്രസില്‍ ഏതെങ്കിലുമൊന്ന് എല്‍ഡിഎഫിനോട് സഹകരിച്ചാലും അത്ഭുതപ്പെടാനില്ല.

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് പാല ഉപതെരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാണ്. പാല സീറ്റ് മാണി ഗ്രൂപ്പിനാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കേരളാ കോണ്‍ഗ്രസിലെ പ്രതിസന്ധി തുടരുകയും പാലയില്‍ യുഡിഎഫ് ജോസ് കെ മാണിയുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുകയും ചെയ്താല്‍ അത് ജോസഫിന് തിരിച്ചടിയാകും. ജോസ് വിഭാഗത്തെ യുഡിഎഫ് ഔദ്യോഗികമായി അംഗീകരിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറും. അത് കൊണ്ട് പാല ഉപതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിലവിലെ തര്‍ക്കങ്ങള്‍ നീട്ടാനാണ് ജോസഫിന്‍റെ ശ്രമം.

ബിജെപിക്ക് നല്ല വേരോട്ടമുള്ള മണ്ണാണ് പാല. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20000ത്തിന് മുകളിലാണ് പിസി തോമസിന്‍റെ ലീഡ്. പി സി ജോര്‍ജ്ജ് സീറ്റ് ചോദിച്ചിട്ടുണ്ടെങ്കിലും പാല വിട്ട് കൊടുക്കാൻ ബിജെപി തയ്യാറല്ല. കെ എം മാണിയില്ലാത്ത ആദ്യ തെരഞ്ഞെടുപ്പ്, പിളര്‍ന്ന കേരള കോണ്‍ഗ്രസ്, പാല ഇക്കുറി ഏവരും ഉറ്റ് നോക്കുന്ന മണ്ഡലമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.