Asianet News MalayalamAsianet News Malayalam

ഡോക്ടറുടെ കുറിപ്പടിയുമായി മദ്യത്തിന് നിരവധി അപേക്ഷകർ, ചിലത് നിരസിച്ചു; മൂന്ന് ലിറ്റർ വരെ ലഭിച്ചേക്കും

ഡോക്ടറുടെ കുറിപ്പടിയിൽ ഒരാഴ്ചത്തേക്കാണ് മദ്യം നൽകുക. ബെവ്കോയുടെ ഡിപ്പോയിൽ നിന്നും മദ്യം വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്

Kerala covid 19 excise department may give 3 litter liquor for those who present doctor prescription
Author
Thiruvananthapuram, First Published Mar 31, 2020, 4:10 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മൂന്ന് ലിറ്റർ വരെ മദ്യം നൽകാൻ ആലോചന. എക്സൈസ് കമ്മിഷണർ ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന് ശുപാർശ നൽകി. ഇതിൽ സർക്കാർ തീരുമാനം ഉടനുണ്ടാവും.

ഡോക്ടറുടെ കുറിപ്പടിയിൽ ഒരാഴ്ചത്തേക്കാണ് മദ്യം നൽകുക. ബെവ്കോയുടെ ഡിപ്പോയിൽ നിന്നും മദ്യം വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. എക്സൈസ് ഓഫീസറുടെ നിർദ്ദേശ പ്രകാരമാവും മദ്യം നൽകുക.

അതേസമയം സംസ്ഥാനത്ത് മദ്യം വേണമെന്ന ആവശ്യവുമായി നിരവധി പേരാണ് ഡോക്ടറുടെ കുറിപ്പടിയുമായി എക്സൈസ് വകുപ്പിനെ സമീപിച്ചത്. കോട്ടയത്ത് ഡോക്ടറുടെ കുറിപ്പടിയുമായി നാല് പേർ എക്സൈസ് ഓഫീസിലെത്തി. എറണാകുളം ജില്ലയിൽ എട്ട് അപേക്ഷകൾ എത്തി. അഞ്ച് എണ്ണം എക്സൈസ് നിരസിച്ചു.

സ്വകാര്യ ഡോക്ടർമാരുടെയും വിരമിച്ച സർക്കാർ ഡോക്ടർമാരുടെയും കുറിപ്പടികളുമായാണ് അപേക്ഷകർ എത്തിയത്. എറണാകുളത്തെ മൂന്ന് അപേക്ഷകളിൽ എക്സൈസ് കമ്മീഷണറുടെ നിർദ്ദേശം വന്ന ശേഷം തീരുമാനം എടുക്കും. തിരുവനന്തപുരത്ത് മൂന്ന് പേര് അപേക്ഷകൾ നൽകി. മദ്യം വാങ്ങാൻ കുറിപ്പടിയുമായി മൂന്ന് പേര് നെയ്യാറ്റിൻകര സർക്കിൾ ഓഫീസിനെയാണ് സമീപിച്ചത്. നടപടി ക്രമങ്ങളിലേക്ക് കടന്നിട്ടില്ല എന്ന് തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വ്യക്തമാക്കി.

പാലക്കാട്  രണ്ടു പേർ എക്സൈസിന് അപേക്ഷ നൽകി. കൊല്ലങ്കോട് റേഞ്ചിന് കീഴിലാണ് അപേക്ഷകൾ ലഭിച്ചത്. നടപടിക്രമം പൂർത്തിയായില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. 

മദ്യം വാങ്ങാൻ ഹാജരാക്കുന്ന ഡോക്ടറുടെ കുറിപ്പിൽ ഡോക്ടറുടെ സീൽ നിർബന്ധമായും വേണമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. സീൽ പതിക്കാതെ കുറിപ്പിടി കൊണ്ടുവന്ന വരെ എക്സൈസ് മടക്കി അയച്ചു. ഒപി ടിക്കറ്റ് എടുത്ത് സ്വന്തമായി പലരും കുറിപ്പടി എഴുതാൻ സാധ്യതയുണ്ടെന്ന് എക്സൈസ് വകുപ്പ് അധികൃതർ പറഞ്ഞു.

Follow Us:
Download App:
  • android
  • ios