തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുള്ള നാല് വിദേശികൾക്ക് കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇവരെ ആശുപത്രിയിൽ നിന്ന് മാറ്റും. പ്രത്യേക കേന്ദ്രത്തിലേക്ക് എത്തിക്കും. ജില്ലയിൽ ആശുപത്രിയിൽ ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അഞ്ചാണ്.

കാസർകോട് ജില്ലയില്‍ 694 പേര്‍ നിരീക്ഷണത്തില്‍. ഇതില്‍ 15 പേര്‍ ആശുപത്രികളിലും 679 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി രണ്ട് പേരെയാണ് ആശുപത്രി നിരീക്ഷണത്തിലാക്കിയത്. പുതൂതായി  41 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്കയച്ചിട്ടുണ്ട്.  107 പേരുടെ പരിശോധനാ ഫലം വരാനുണ്ട്.

തൃശൂർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 6815 ആയി. വീടുകളിൽ 6791 പേരും ആശുപത്രികളിൽ 24 പേരുമാണ് നിരീക്ഷണത്തിലുളളത് ഇന്ന് നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9 പേരെ വിട്ടയച്ചു. 10 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. ലഭിച്ച 5 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്. പരിശോധനയ്ക്ക് അയച്ച 387 സാമ്പിളുകളിൽ 354 എണ്ണത്തിന്റെയും ഫലം ലഭിച്ചു. 33 പേരുടെ പരിശോധനാ ഫലമാണ് ഇനി ലഭിക്കാനുളളത്.

വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. ജില്ലയിലെ ഡി.ടി.പി.സി നിയന്ത്രണത്തിലുള്ള എല്ലാ ടൂറിസം കേന്ദ്രങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടുന്നാണ് മെമ്പർ സെക്രട്ടറി അറിയിച്ചിരിക്കുന്നത്. ജില്ലയിലെ ബ്യുട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍‍ എന്നിവ പ്രവര്‍ത്തനം നിര്‍ത്തിവയ്കുന്നതിന് ഉത്തരവ് നല്കിയിട്ടുണ്ട്.

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സർവീസുകളിൽ നിയന്ത്രണം കൊണ്ടുവരാൻ കൊച്ചി മെട്രോയും തീരുമാനിച്ചു. തിങ്കളാഴ്ച മുതൽ ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. രാവിലെ 6 മുതൽ പത്തുവരെയും വൈകിട്ട് 4 മുതൽ പത്തുവരെയും 20 മിനിറ്റ് ഇടവിട്ടേ സർവീസ് ഉണ്ടാകൂ. പത്തു മണി മുതൽ 4 വരെ സർവീസ് ഓരോ മണിക്കൂർ ഇടവിട്ട് മാത്രമായിരിക്കുമെന്നും മെട്രോ അധികൃതർ അറിയിച്ചു.

ഇടുക്കിയിൽ 564 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇന്ന് 60 പേരെ കൂടി നിരീക്ഷണത്തിലാക്കി. ഒരാൾ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നു. ഇതുവരെ ലഭിച്ച 40 ഫലങ്ങളും നെഗറ്റീവാണെന്നത് ആശ്വാസമാണ്. 12 പേരുടെ ഫലങ്ങൾ കൂടി  കിട്ടാനുണ്ട്.

കണ്ണൂരിൽ 38 പേർ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 5172 പേര്‍ വീടുകളില്‍ ഐസൊലേഷനിലാണ്. പരിശോധനയ്ക്കയച്ച 143 സാമ്പിളുകളില്‍ ഒരെണ്ണം പോസിറ്റീവും 128 എണ്ണം നെഗറ്റീവുമാണ്. 14 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

എറണാകുളം ജില്ലയിൽ ഇന്നാർക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഫലം ലഭിച്ച 20 സാമ്പിളുകളും നെഗറ്റീവാണ്. ജില്ലയിൽ 3451 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലുള്ളവർ 23 പേരാണ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക