Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗൺ: കടകൾ തുറക്കേണ്ടതെപ്പോൾ? മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പറഞ്ഞത് വേറെ

സംസ്ഥാനത്ത് ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യസാധനങ്ങളുടെ ലഭ്യത സർക്കാർ ഉറപ്പുവരുത്തും

Kerala covid 19 lockdown confusion over time schedule
Author
Thiruvananthapuram, First Published Mar 24, 2020, 8:46 AM IST

തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനം തടയാൻ സംസ്ഥാനത്ത് പ്രഖ്യാപിക്കപ്പെട്ട ലോക് ഡൗണുമായി ബന്ധപ്പെട്ട് സമയക്രമത്തിൽ ആശയകുഴപ്പം. അവശ്യ സാധനങ്ങളുടെ കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് ആശയക്കുഴപ്പം ഉയർന്നിരിക്കുന്നത്. ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത് രാവിലെ 7 മുതൽ വൈകിട്ട് അഞ്ച് വരെ കടകൾക്ക് തുറന്നു പ്രവർത്തിക്കാമെന്നാണ്. എന്നാൽ ഇതിന് പിന്നാലെ പുറത്തിറങ്ങിയ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ സമയക്രമം പകൽ 11 മുതൽ 5 വരെയാണ്.

സംസ്ഥാനത്ത് ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യസാധനങ്ങളുടെ ലഭ്യത സർക്കാർ ഉറപ്പുവരുത്തും. കർശന നടപടികൾക്ക് ഐജിമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും ഡിജിപി നിർദ്ദേശം നൽകി. മതിയായ കാരണങ്ങളില്ലാതെ സഞ്ചരിക്കുന്നവർക്കെതിരെ കേസെടുക്കും.

അവശ്യ സർ‍വ്വീസായി പ്രഖ്യാപിച്ച വിഭാഗങ്ങൾക്ക് പൊലീസ് പാസ് നൽകും. പാസ് കൈവശമില്ലാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡിജിപി അറിയിച്ചു. കാസർകോട് ജില്ലയിലെ കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിൽ നാല് എസ്പിമാരെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ 93 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കോഴിക്കോട് ഇന്നലെ രാത്രി രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൂടുതൽ പരിശോധനഫലങ്ങൾ ഇന്ന് കിട്ടും.

ലോക്ക് ഡൗൺ നടപ്പാക്കുമ്പോൾ, ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് സർക്കാർ ആവർത്തിച്ചു. കേരളം അടച്ച് പൂട്ടലിലാണെങ്കിലും അവശ്യസാധനങ്ങൾ കിട്ടും. ഭക്ഷണം,പാനീയം,മരുന്ന് തുടങ്ങിയവ ഉറപ്പുവരുത്തും. പാൽ,പച്ചക്കറി, പലചരക്ക്, പഴങ്ങൾ, മത്സ്യം, മാംസം,കാലിത്തീറ്റ തുടങ്ങിയവയെല്ലാം അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉണ്ട്. കാസർകോട് ജില്ലയിൽ ഇത്തരം കടകൾ രാവിലെ 11മുതൽ വൈകിട്ട് അഞ്ച് വരെ തുറക്കും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

Follow Us:
Download App:
  • android
  • ios