തൃശ്ശൂര്‍: തൃശ്ശൂരിലെ കൊവിഡ് 19 രോഗ ബാധിതന്റെ റൂട്ട് മാപ്പ് തയ്യാറായി. ഫെബ്രുവരി 29 ന് ദോഹയിൽ നിന്നും കൊച്ചിയിലെത്തിയ ഇദ്ദേഹം വീട്ടിലെത്തിയ ശേഷം മാര്‍ച്ച് എട്ട് വരെ വിവിധ ഇടങ്ങൾ സന്ദര്‍ശിച്ചു. ഫെബ്രുവരി 29 ന് ദോഹയിൽ നിന്നുള്ള ക്യുആര്‍ 514 വിമാനത്തിലാണ് ഇദ്ദേഹം നെടുമ്പാശേരിയിൽ എത്തിയത്.

രാവിലെ പത്ത് മണിയോടെ വീട്ടില്‍ എത്തി. അന്ന് തന്നെ കൊടുങ്ങല്ലൂരിലുള്ള അല്‍ റീം റസ്റ്റോറന്റില്‍ കയറി ഭക്ഷണം കഴിച്ചു. മാര്‍ച്ച് ഒന്നിന് ചേറ്റുവയിലെ ബന്ധുവീടും തൊയക്കാവിലെ സഹോദരിയുടെ വീടും സന്ദര്‍ശിച്ചു. മാര്‍ച്ച് രണ്ടിന് എന്‍എന്‍ പുരം ലതാ ബേക്കറി ആന്‍ഡ് ഷവര്‍മാ സെന്റര്‍ സന്ദര്‍ശിച്ചു.

മാര്‍ച്ച് മൂന്നിന് വൈകുന്നേരം മൂന്നിന് കൊടുങ്ങല്ലൂരിലെ കാര്‍ണിവല്‍ സിനിമാഹാള്‍ സന്ദര്‍ശിച്ചു. മാര്‍ച്ച് അഞ്ചിന് വെള്ളാങ്ങല്ലൂരുള്ള ചീപ്പുചിറ റിസോര്‍ട്ടിലെത്തി. മാര്‍ച്ച് ആറിന് രാവിലെ 10.30 മുതല്‍ 12.30 വരെ പുഴയ്ക്കലുള്ള ശോഭാ സിറ്റിയിൽ പോയി. ഇവിടെ മാസ്‌ക്, ഡബ്ല്യു, സ്പാന്‍, ട്വിന്‍ബോര്‍ഡ്‌സ്, വിസ്മയ് എന്നീ കടകളില്‍ കയറി. പിന്നീട് വെസ്റ്റ്‌ഫോര്‍ട്ടിലുള്ള ലിനന്‍ ക്ലബിലെത്തി. വൈകുന്നേരം 5.30 ന് പെരിഞ്ഞനത്തുള്ള സുരേഷ് കുമാറിന്റെ ഹോസ്പിറ്റലിലെത്തി. ഇവിടെ നിന്ന് പെരിഞ്ഞനത്തെ 
മര്‍വാ റെസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ചു.

മാര്‍ച്ച് എട്ടിന് ഉച്ചയ്ക്ക് 12 മുതല്‍ 2.30 വരെ പാവറട്ടി വെന്‍മേനാടുള്ള വീട്ടില്‍ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തു. വൈകുന്നേരമാണ് കേരളത്തിൽ വീണ്ടും കൊവിഡ് സ്ഥിരീകരിച്ച വാര്‍ത്ത ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് പുറപ്പെട്ടു. വൈകിട്ട് 6.30 യോടെ റിപ്പോര്‍ട്ട് ചെയ്തു.