Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു; ഇന്ന് 1544 പോസിറ്റീവ് കേസുകൾ കൂടി

പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ ഇന്നും വലിയ വർധനയാണ് ഉണ്ടായത്. ടിപിആർ ഇന്ന് പത്ത് ശതമാനം കടന്നു.

Kerala Covid cases spike 1544 test positive in 24 hours
Author
Thiruvananthapuram, First Published Jun 4, 2022, 5:24 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധ വീണ്ടും കുതിച്ചുയരുന്നു. പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ ഇന്നും വലിയ വർധനയാണ് ഉണ്ടായത്. ടിപിആർ പത്ത് ശതമാനം ഉയർന്നതോടെ ഇന്ന് മാത്രം 1544 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 11.39 ശതമാനമാണ് ടിപിആർ. എറണാകുളത്ത് 481 കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ടാമത് തിരുവനന്തപുരം ജില്ലയാണ്. 221 പേർക്ക് രോഗം സ്ഥിരീകരിച്ചു. 

രാജ്യത്തെ കോവിഡ് കേസുകൾ ഉയർന്നതിൽ ഇന്നും വലിയ സംഖ്യ കേരളത്തിൽ നിന്ന് തന്നെയാണ്. ഓരോ ദിവസവും കേസുകൾ മുകളിലേക്ക് പോവുകയാണ്. ഇന്ന് റിപ്പോർട്ട് ചെയ്ത 481 കേസുകളും എറണാകുളത്താണ്.  തിരുവനന്തപുരം 220.  പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിലും കേസുകൾ ഉയരുന്നുണ്ട്.  

ഇന്ന് 13558 പരിശോധനകൾ നടത്തിയപ്പോഴാണ് ടിപിആർ 11.39ലേക്ക് ഉയർന്നത്. ഇന്ന് മാത്രം നാലു പേർ കൊവിഡ് ബാധിച്ച് മരിച്ചു. നാല് ദിവസത്തിനിടെ രേഖപ്പെടുത്തിയ 43 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 15 മരണം അതത് ദിവസങ്ങളിൽ നടന്നതും ബാക്കി അപ്പീൽ വഴി പട്ടികയിൽ ചേർത്തതുമാണ്.

സംസ്ഥാനത്ത് പടരുന്നത് ഒമിക്രോൺ വകഭേദം ആണെന്നും ആശങ്ക വേണ്ട എന്നുമാണ് ആരോഗ്യവകുപ്പ് പറയുന്നത്.  രാജ്യത്ത് കോവിഡ് കേസുകൾ കൂടുന്ന സാഹചര്യം കേന്ദ്രം വിലയിരുത്തി.  പകുതിയിൽ അധികം കേസുകളും കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമാണ്. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതിന് പിന്നാലെ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച സംഭവിച്ചതുമാകാം കണക്ക് വീണ്ടും ഉയരാൻ കാരണമായതെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.  മാസ്ക് ധരിക്കുന്നത് കൃത്യമായി തുടരാനും, വാക്സീനേഷനിലെ അലംഭാവം ഒഴിവാക്കാനുമാണ് നിർദേശം. 
 

Follow Us:
Download App:
  • android
  • ios