Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് കൊവിഡ് ബാധിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണം കുറയുന്നുവെന്ന് കണക്കുകൾ

ശുഭകരമായ കണക്കുകളാണ് പുറത്തുവരുന്നത്. രോഗ ബാധിതരാകുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം കുറഞ്ഞു, ടിപിആറും കുറഞ്ഞു

Kerala Covid health workers positivity number decreasing
Author
Thiruvananthapuram, First Published Nov 17, 2020, 7:15 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരാകുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം കുറയുന്നുവെന്ന് കണക്കുകള്‍. വ്യക്തിഗത സുരക്ഷ ഉപകരണങ്ങളടക്കം എത്തിച്ച് പ്രതിരോധം ശക്തമാക്കിയതാണ് ഗുണകരമായത്. സംസ്ഥാനത്ത് കൊവിഡ് വ്യാപന തീവ്രത കുറയുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു.

ശുഭകരമായ കണക്കുകളാണ് പുറത്തുവരുന്നത്. രോഗ ബാധിതരാകുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം കുറഞ്ഞു, ടിപിആറും കുറഞ്ഞു. 19,171 കൊവിഡ് രോഗികൾ ഉണ്ടായിരുന്ന ജൂലൈ മാസത്തിൽ 3.6 ശതമാനം ആരോഗ്യ പ്രവര്‍ത്തകരാണ് രോഗ ബാധിതരായത്. 51,771 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഓഗസ്റ്റില്‍ അത് 3.1 ശതമാനമായി കുറഞ്ഞു. 120721 പേര്‍ രോഗ ബാധിതരായ സെപ്റ്റംബറിൽ 2.6 ശതമാനം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരുന്നു രോഗബാധ.

രോഗബാധിതരുടെ എണ്ണം 2,36,999 ലേക്ക് കുതിച്ചുയര്‍ന്ന ഒക്ടോബറില്‍ രോഗ ബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍ 1.7 ശതമാനമായി കുറഞ്ഞു. രോഗ വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ പിപിഇ കിറ്റുകൾക്കും മാസ്കുകൾക്കും ക്ഷാമം നേരിടുകയും ഗുണനിലവാരമില്ലാത്ത വ്യക്തിഗത സുരക്ഷ ഉപകരണങ്ങൾ ഉപയോഗിക്കുക വഴി കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ രോഗ ബാധിതരായിരുന്നു.

രോഗ ബാധിതരുടെ എണ്ണം ഇരട്ടിക്കാനെടുക്കുന്ന സമയം ഇപ്പോൾ 59 ആയി ഉയര്‍ന്നു. ഒക്ടോബര്‍ ആദ്യവാരം അത് 21 ആയിരുന്നു. ദശലക്ഷംപേരിലെ പരിശോധനയിലും പോസിറ്റീവ് ആകുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞുവരികയാണ്. മലപ്പുറത്ത് പക്ഷേ 100 പേരെ പരിശോധിക്കുമ്പോൾ 15പേര്‍ക്ക് രോഗം കണ്ടെത്തുന്നു. കഴിഞ്ഞ ആഴ്ച 12 ശതമാനമായിരുന്ന തിരുവനന്തപുരത്തെ ടിപിആര്‍ 10ലേക്കെത്തിയതും നല്ല സൂചന. അതേസമയം പരിശോധനകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. നവംബര്‍ ആദ്യവാരം 4,03,374 പരിശോധനകൾ നടന്നിടത്ത് ഇപ്പോൾ നടന്നത 3,74,534 പരിശോധനകൾ മാത്രം.

Follow Us:
Download App:
  • android
  • ios