ഇടതുമുന്നണിക്കൊപ്പം തുടരുമെന്ന് ജോസ് കെ മാണിയും റോഷി അഗസ്റ്റിനും പരസ്യമായി പറയുമ്പോഴും കേരള കോൺഗ്രസ് എമ്മിനുള്ളിൽ മുന്നണി മാറ്റത്തിനായുള്ള അണിയറ നീക്കങ്ങൾ സജീവമാണ്. ഇക്കാര്യത്തിൽ മറ്റന്നാളത്തെ സ്റ്റിയറിങ്‌ കമ്മിറ്റി തീരുമാനം നിർണായകമാകും. 

തിരുവനന്തപുരം: പുറമേക്ക് മറ്റു വാദങ്ങൾ നിഷേധിക്കുകയാണെങ്കിലും അണിയറയിൽ മുന്നണി മാറ്റത്തിനായി സജീവമായ നീക്കമാണ് കേരള കോൺഗ്രസ് എം നടത്തി വരുന്നത്. റോഷിയുമായി സിപിഎം ആശയ വിനിമയം തുടരുന്നുണ്ടെങ്കിലും ജോസ് കെ മാണി പോകില്ലെന്ന് ഉറപ്പിക്കാനാകാത്ത അവസ്ഥയിലാണ് സിപിഎം. എന്നാൽ, ഇടതിനൊപ്പം ഉറച്ചു നിൽക്കുകയാണ് റോഷി അഗസ്റ്റിൻ. എന്നാൽ, ഇക്കാര്യത്തിൽ മറ്റന്നാൾ നിർണായകമാകും. സ്റ്റിയറിങ്‌ കമ്മിറ്റിയിൽ മുന്നണി മാറ്റത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.

ഇന്നലെ, ഇത് സംബന്ധിച്ച് ജോസ് കെ മാണിയും റോഷി അഗസ്റ്റിനും പ്രതികരിച്ചിരുന്നു. കേരള കോൺഗ്രസ് എം പാർട്ടിയുടെ രാഷ്ട്രീയ നിലപാട് ഇടതുമുന്നണിക്കൊപ്പം എന്ന്പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. പാർട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോൾ പുറമേ നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. ആരെങ്കിലും ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് ബോധപൂർവ്വം പാർട്ടി അസ്ഥിരപ്പെടുത്താൻ ഉള്ള അജണ്ടയുടെ ഭാഗമാണെന്നും കേരള കോൺഗ്രസ് എം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് തുടരും എന്ന് റോഷി അഗസ്റ്റിനും ഫേസ്ബുക്കിലൂടെ നിലപാട് വ്യക്തമാക്കിയിരുന്നു.