തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും അധികം പ്രതിദിന കൊവിഡ് രോഗികളുള്ള സംസ്ഥാനമായി മാറിയതോടെ കേരളത്തില്‍ ആശങ്ക കനക്കുകയാണ്. വെന്റിലേറ്ററുകളും ഐസിയുകളും നിറയാറായി. ഈ മാസം അവസാനത്തോടെ പ്രതിദിന രോഗികളുടെ എണ്ണം ഇരുപതിനായിരമാകുമെന്നും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും വീണ്ടും മുന്നറിയിപ്പ് നല്‍കുകയാണ് ഐഎംഎ. 

മഹാരാഷ്ട്രയെയും കര്‍ണ്ണാടകത്തെയും മറികടന്ന് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ അപകടകരമായ കുതിപ്പാണ് കേരളത്തിലുണ്ടായത്. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 11,755 പേര്‍ക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.46 ശതമാനത്തിലെത്തിയത് ആരോഗ്യവകുപ്പിനെത്തന്നെ ഞെട്ടിച്ചു. വ്യാപക ബോധവത്കരണം നടത്തിയിട്ടും സന്പര്‍ക്കത്തിലൂടെയുള്ള രോഗബാധ 90 ശതമാനമാണ്.

കേരളത്തിലെ ചികിത്സാ സംവിധാനങ്ങളെക്കുറിച്ചും ആശങ്കയേറുകയാണ്. കൊല്ലത്തും പത്തനംതിട്ടയിലും വയനാട്ടിലും എറണാകുളത്തും വെന്റിലേറ്ററുകളും ഐസിയുകളും ഏറെക്കുറെ നിറഞ്ഞു കഴിഞ്ഞു. ശേഷിക്കുന്ന ജില്ലകളില്‍ വിരലില്‍ എണ്ണാവുന്നവ മാത്രം. അതേസമയം പ്രാഥമിക കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് പോകാൻ രോഗികള്‍ മടിക്കുന്നതിനാല്‍ എഫ്എൽടിസികളില്‍ ഒട്ടും തിരക്കില്ല.

 കൊവിഡ് രോഗത്തെ ഏറ്റവും ഫലപ്രദമായി പ്രതിരോധിച്ച സംസ്ഥാനം എന്ന നിലയില്‍നിന്നാണ് കേരളത്തിന്‍റെ ഈ വീഴ്ച. മരണ നിരക്ക് പിടിച്ചുനിര്‍ത്താനാവുന്നു എന്നതില്‍ മാത്രമാണ് ആശ്വാസം.