Asianet News MalayalamAsianet News Malayalam

തന്നെ വെട്ടാൻ സിപിഐയിൽ ആരും ജനിച്ചിട്ടില്ല, സംസ്ഥാന കൗൺസിലിൽ നിന്ന് സ്വയം ഒഴിഞ്ഞതെന്നും സി ദിവാകരൻ

പ്രായപരിധി മാനദണ്ഡം ഇപ്പോൾ അംഗീകരിക്കുന്നുവെന്നും സി ദിവാകരൻ പറഞ്ഞു. തന്റേത് പടിയിറക്കമല്ല. താൻ സ്വയം ഒഴിഞ്ഞതാണ്. പരാതിയില്ലെന്നും സി ദിവാകരൻ

Kerala CPI state Conference C Divakaran says let central leaders decide the rest
Author
First Published Oct 3, 2022, 3:42 PM IST

തിരുവനന്തപുരം: തന്നെ വെട്ടാൻ സിപിഐയിൽ ആരും ജനിച്ചിട്ടില്ലെന്ന് മുതിർന്ന നേതാവ് സി ദിവാകരൻ. ഇക്കുറി സംസ്ഥാന കൗൺസിലിൽ നിന്ന് പുറത്തായ ശേഷം സമ്മേളന  വേദിക്ക് പുറത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ മരണം വരെ സിപിഐക്കാരനായിരിക്കുമെന്നും ദിവാകരൻ പറഞ്ഞു.

പ്രായപരിധി മാനദണ്ഡം ഇപ്പോൾ അംഗീകരിക്കുന്നുവെന്നും സി ദിവാകരൻ പറഞ്ഞു. തന്റേത് പടിയിറക്കമല്ല. താൻ സ്വയം ഒഴിഞ്ഞതാണ്. പരാതിയില്ല. മാറ്റം സ്വാഭാവികമാണ്. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുമെന്ന് പറഞ്ഞ ദിവാകരൻ ഇനി തന്റെ കാര്യം കേന്ദ്ര നേതൃത്വം തീരുമാനിക്കട്ടെയെന്ന് വ്യക്തമാക്കി.

അതേസമയം പ്രായപരിധി, തീരുമാനമല്ല മാർഗ്ഗ നിർദേശം മാത്രമാണെന്ന മുൻ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടാകുമെന്ന് പറഞ്ഞത് താനല്ല, മാധ്യമങ്ങളാണെന്നും അദ്ദേഹം വിശദീകരിച്ചു.

സിപിഐ  സംസ്ഥാന കൗൺസിലിലേക്കുള്ള നേതാക്കളെ നിശ്ചയിക്കാൻ ഇന്ന് ജില്ലാ കമ്മിറ്റി പ്രതിനിധികൾ യോഗം ചേർന്ന ഘട്ടത്തിലാണ് തിരുവനന്തപുരത്തെ പട്ടികയിൽ നിന്ന് സി ദിവാകരൻ പുറത്തായത്. 75 വയസ് പ്രായപരിധി നടപ്പിലാക്കാൻ തീരുമാനിച്ചതോടെയായിരുന്നു ഇത്.

സംസ്ഥാന കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി രാജു, എ എൻ. സുഗതൻ, എം. ടി. നിക്സൺ, ടി. സി സഞ്ജിത്ത് എന്നിവർ പുറത്തായി. കൊല്ലം ജില്ലയിൽ നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗ പട്ടികയിൽ എം എൽ എ ജി. എസ് ജയലാലിനെ ഉൾപ്പെടുത്തിയില്ല. സഹകരണ ആശുപത്രി വിവാദത്തിൽ നേരത്തെ സംസ്ഥാന കൗൺസിലിൽ നിന്നും പുറത്താക്കിയിരുന്നു. ഇത്തവണ തിരിച്ചെടുക്കാതെ ജയലാലിനെ ഒഴിവാക്കുകയായിരുന്നു.

ജില്ലാ കമ്മിറ്റികൾ യോഗം ചേർന്ന് സംസ്ഥാന കൗൺസിലിലേക്ക് അംഗങ്ങളെ തീരുമാനിക്കുകയാണ് ചെയ്യുന്നത്. സംസ്ഥാന കൗൺസിലിലേക്ക് എത്തുന്നവരുടെ എണ്ണത്തിന്റെ ബലാബലം നോക്കിയാവും സെക്രട്ടറി സ്ഥാനത്തേക്ക് മൽസരത്തിന് ഇറങ്ങണോ എന്ന് കാനം വിരുദ്ധ വിഭാഗം തീരുമാനിക്കുക.

Follow Us:
Download App:
  • android
  • ios