സോഷ്യൽ മീഡിയയിൽ ഇത്തരം വ്യജ പ്രചരണം നടത്തുന്നവരെ കണ്ടെത്താനായി സമൂഹമാധ്യമങ്ങളിൽ 24 മണിക്കൂറും കർശന നിരീക്ഷണമുണ്ടായിരിക്കുമെന്നും മുന്നറിയിപ്പ്

പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചെന്ന വ്യാജ പ്രചരണത്തിനെതിരെ കേസെടുത്ത് സൈബർ പൊലീസ്. സോഷ്യൽ മീഡിയയിലാണ് സ്ത്രീകളുടെ ചിത്രം ഉപയോഗിച്ചുകൊണ്ട് ശബരിമലയുമായി ബന്ധപ്പെട്ടുള്ള വ്യാജ പ്രചരണം ശക്തമായത്. ഇത്തരം വ്യാജ പ്രചരണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിക്കൊണ്ടാണ് കേസെടുത്ത വിവരം കേരള പൊലീസ് പങ്കുവച്ചത്. എഫ് ഐ ആ‌ർ നമ്പർ 2/2024 ആണെന്ന വിവരവും കേരള പൊലീസ് ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇത്തരം വ്യജ പ്രചരണം നടത്തുന്നവരെ കണ്ടെത്താനായി സമൂഹമാധ്യമങ്ങളിൽ 24 മണിക്കൂറും കർശന നിരീക്ഷണമുണ്ടായിരിക്കുമെന്ന മുന്നറിയിപ്പും കേരള പൊലീസ് നൽകിയിട്ടുണ്ട്.

കാത്തിരുന്ന ഫോൺ വാങ്ങാൻ ഇതിലും മികച്ച അവസരമില്ല! ബജറ്റ് വിലയിൽ കിക്കിടിലൻ ഓഫറുകൾ ആമസോണിലും ഫ്ലിപ്കാർട്ടിലും

കേസും വിശദാംശങ്ങളും

ശബരിമലയിൽ വീണ്ടും യുവതികൾ പ്രവേശിച്ചതായി ഇൻസ്റ്റഗ്രാം വഴി വ്യാജ പ്രചാരണത്തിൽ പത്തനംതിട്ട സൈബർ പൊലീസാണ് കേസ് എടുത്തത്. അക്കൗണ്ട് ഉടമയെ കണ്ടെത്താൻ ശ്രമം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇരുമുടിക്കെട്ടേന്തിയ 2 യുവതികൾ പതിനെട്ടാം പടിക്ക് സമീപം നിൽക്കുന്നതായുള്ള സെൽഫി വീഡിയോ കൃത്രിമമായി നിർമ്മിച്ചതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാ​ഗമായി നടത്തിയ സർവ്വീസ് വഴി കെ എസ് ആർ ടി സിക്ക് ലഭിച്ച വരുമാനത്തിന്‍റെ കണക്ക് പുറത്തുവന്നിട്ടുണ്ട്. കെ എസ് ആർ ടി സിക്ക് ഇത്തവണത്തെ മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാ​ഗമായി നടത്തിയ സർവീസുകളിലൂടെ 38.88 കോടിയുടെ വരുമാനമാണ് ലഭിച്ചത്. മണ്ഡല കാലം ആരംഭിച്ചതു മുതൽ പമ്പ - നിലയ്ക്കൽ റൂട്ടിൽ ആകെ 1,37,000 ചെയിൻ സർവ്വീസുകളും 34,000 ദീർഘദൂര സർവ്വീസുകളും നടത്തി. ആകെ 64. 25 ലക്ഷം ആളുകളാണ് കെ എസ് ആർ ടി സി വഴി യാത്ര ചെയ്തത്. ജനുവരി 15 ന് മകരജ്യോതി ദർശനം കഴിഞ്ഞ് തിരിച്ചിറങ്ങിയ അയ്യപ്പഭക്തരെയും കൊണ്ട് വൈകിട്ട് 7 മണി മുതൽ ജനുവരി 16 ന് പുലർച്ചെ 3.30 മണി വരെ ഇടമുറിയാതെ പമ്പ - നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവ്വീസുകൾ നടത്തിയിരുന്നു. ഒപ്പം ചെങ്ങന്നൂർ, കോട്ടയം, കുമിളി, തിരുവനന്തപുരം, തൃശ്ശൂർ തുടങ്ങിയ ഇടങ്ങളിലേക്ക് ദീർഘദൂര സർവ്വീസുകളും നടത്തി. ശബരിമല നട അടയ്ക്കുന്ന ജനുവരി 20 ന് രാത്രി വരെ ചെയിൻ സർവീസുകളും, ജനുവരി 21 ന് പുലർച്ചെ 4 മണി വരെ ദീർഘദൂര സർവ്വീസുകളും കെ എസ് ആർ ടി സി നടത്തിയിരുന്നു.