Asianet News MalayalamAsianet News Malayalam

പിസിആറിന് പകരം ആന്റിജന്‍ ടെസ്റ്റ്; കൊവിഡ് പരിശോധന രീതി മാറ്റി സംസ്ഥാനം

പിസിആര്‍ കിറ്റ് ഒന്നിന് ചെലവ് 3000 രൂപ വരുമെന്നിരിക്കെ, ആന്റിജന്‍ കിറ്റ് 504 രൂപക്ക് ലഭിക്കും. 40 മിനിറ്റിനുള്ളില്‍ ഫലവുമറിയാം.
 

Kerala depends Antigen test instead of PCR
Author
Thiruvananthapuram, First Published Jul 11, 2020, 6:43 AM IST

തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരണത്തിന് പ്രധാനമായി ആന്റിജന്‍ ടെസ്റ്റിനെ ആശ്രയിക്കാന്‍ സംസ്ഥാനം. പിസിആര്‍ പരിശോധനയെ അപേക്ഷിച്ച് പകരം ആന്റിജന്‍ കിറ്റിനുള്ള ചെലവ് കുറവാണ് കാരണം. പരിശോധനക്കായി ഒരു ലക്ഷം ആന്റിജന്‍ കിറ്റുകളാണ് സംസ്ഥാനം ആദ്യഘട്ടത്തില്‍ വാങ്ങിയത്.
പിസിആര്‍ പരിശോധനയേക്കാള്‍ ആറിലൊന്ന് തുക മാത്രമേ ആന്റിജന്‍ ടെസ്റ്റിന് വരുന്നുള്ളൂ. പിസിആര്‍ കിറ്റ് ഒന്നിന് ചെലവ് 3000 രൂപ വരുമെന്നിരിക്കെ, ആന്റിജന്‍ കിറ്റ് 504 രൂപക്ക് ലഭിക്കും. 40 മിനിറ്റിനുള്ളില്‍ ഫലവുമറിയാം. കൂടുതല്‍ പേരെ ഒരേ സമയം പരിശോധിക്കാമെന്നതും നേട്ടം. ലാബുകളുടെ ആശ്രയിക്കേണ്ട ആവശ്യമില്ല. 

കൂടുതല്‍ പേരെ ഒരേസമയം പരിശോധിക്കേണ്ടി വരുന്ന മേഖലകളിലാണ് ഇവ ഏറെ ഉപകാരപ്രദമാകുന്നത്. അതിതീവ്ര മേഖലകളിലും വിമാനത്താവളങ്ങളിലും ആന്റിജന്‍ കിറ്റ് ഉപയോഗിച്ചു തുടങ്ങിയതോടെ പരിശോധന വലിയ തോതില്‍ എളുപ്പമായി. സ്രവം ഉപയോഗിച്ച് തന്നെയാണ് പരിശോധന. ജലദോഷമോ മറ്റ് അസുഖങ്ങളോ ഉളളവരില്‍ പോസിറ്റീവ് ഫലം കിട്ടില്ല. ഒരു വ്യക്തിയുടെ ശരീരത്തില്‍ കൊറോണ വൈറസ് ഉണ്ടെങ്കില്‍ മാത്രമേ പോസീറ്റീവെന്ന് കാണിക്കൂ. രോഗമില്ലാത്ത ആള്‍ക്കും പോസിറ്റീവ് ഫലം കിട്ടില്ല. രോഗം മറ്റൊരാള്‍ക്ക് നല്‍കാന്‍ കഴിയുന്ന സ്ഥിതിയിലാണോ എന്ന് കൃത്യമായി ഈ പരിശോധനയിലൂടെ അറിയാനാകും.

സ്രവമെടുക്കുന്നതിനും പരിശോധനയക്കും ലാബുകളുടെ ആവശ്യമില്ല എന്നതും ആന്റിജനെ ആകര്‍ഷകമാക്കുന്നു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും ആന്റിജന്‍ പരിശോധനക്കായുളള പ്രത്യേക കിയോസ്‌കുള്‍ ഉടന്‍ സ്ഥാപിക്കും. ഈമാസം മാത്രം 5 ലക്ഷം പരിശോധനകള്‍ നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പൂര്‍ണ്ണമായും പിസിആര്‍ പരിശോധനകളെ ആശ്രയിച്ച് ഇത് നടപ്പാക്കാനുമാകില്ല.
 

Follow Us:
Download App:
  • android
  • ios