എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും ഉയർന്ന താപനിലയും കാരണം കേരളത്തിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി. വൈദ്യുതി ഉപഭോഗം ഗണ്യമായി വർധിച്ചതിനാൽ, വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഭാഗികമായി വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലമുള്ള വൈദ്യുതി പ്രതിസന്ധി സംസ്ഥാനത്ത് രൂക്ഷമായി തുടരുന്നു. എൽനിനോ സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 400 മുതൽ 500 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് സർക്കാരിന്‍റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഇന്നും സംസ്ഥാനത്ത് വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഭാഗികമായി വൈദ്യുത നിയന്ത്രണം ഉണ്ടായേക്കുമെന്ന് വൈദ്യുത വകുപ്പ് അറിയിച്ചു. ഇന്നലെയും വൈകുന്നേരം 7 മണിമുതലുള്ള സമയത്ത് സംസ്ഥാനത്ത് വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
അറിയിപ്പ് ഇപ്രകാരം
എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 400 മുതൽ 500 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ, ഇന്നും (14.07.2026) സംസ്ഥാനത്ത് വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാം.
