Asianet News MalayalamAsianet News Malayalam

വോട്ടർ പട്ടിക ചോർന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി, ക്രൈം ബ്രാഞ്ച് കേസെടുത്തു

ജോയിന്റ് ചീഫ് ഇലക്ടൽ ഓഫീസറാണ് പരാതി നൽകിയത്. ഐ ടി ആക്ടിലെ വിവിധ വകുപ്പുകളും ഗൂഡാലോചന, മോഷണ കുറ്റങ്ങളും ചുമത്തിയേക്കും

Kerala Election commission complaint on Voters list leakage Crime branch registers FIR
Author
Thiruvananthapuram, First Published Jul 3, 2021, 10:45 AM IST

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടർ പട്ടിക ചോർത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷന്റെ പരാതിയിൽ ക്രൈം ബ്രാഞ്ച് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലെ ലാപ്ടോപ്പിൽ സൂക്ഷിച്ചിരുന്ന 2.67 കോടി വോട്ടർമാരുടെ വിവരങ്ങൾ ചോർന്നുവെന്ന് പരാതിയിൽ പറയുന്നു.

ജോയിന്റ് ചീഫ് ഇലക്ടൽ ഓഫീസറാണ് പരാതി നൽകിയത്. ഐ ടി ആക്ടിലെ വിവിധ വകുപ്പുകളും ഗൂഡാലോചന, മോഷണ കുറ്റങ്ങളും ചുമത്തി. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്‌പി ഷാനവാസ് കേസ് അന്വേഷിക്കും. തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലെ ലാപ്‌ടോപിലെ വിവരങ്ങൾ ചോർന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. ഈ വോട്ടർ പട്ടിക വിവരങ്ങൾ പുറത്തുവന്നതിനെ പിന്നാലെയാണ് ഇരട്ട വോട്ട് വിവാദമുണ്ടായത്.

തെരഞ്ഞെടുപ്പ് കാലത്ത് ഇരട്ട വോട്ട് വലിയ വിവാദമായിരുന്നു. പരാതിയിൽ ആരാണ് വിവരങ്ങൾ ചോർത്തിയതെന്ന് പറയുന്നില്ല. കേസ് കറങ്ങിതിരിഞ്ഞ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയിലേക്ക് എത്തിയേക്കും. സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും വലിയ വീഴ്ച പറ്റിയിരുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. 38000 ത്തോളം വോട്ട് ഇരട്ടിപ്പ് നടന്നുവെന്ന് കമ്മീഷന് ഈ വിവാദത്തിൽ സമ്മതിക്കേണ്ടിയും വന്നിരുന്നു.

രാഷ്ട്രീയ പാർട്ടികൾക്ക് ഫോട്ടോ പതിച്ച വോട്ടർ പട്ടികയിലെ മുഴുവൻ വിവരങ്ങളും കൈമാറാറില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. വോട്ട് ഇരട്ടിപ്പ് പുറത്തുകൊണ്ടുവന്നത് കൊണ്ട് തങ്ങൾക്കെതിരെ അന്വേഷണം എന്ന് ഈ സംഭവത്തിൽ പ്രതിപക്ഷം പ്രതികരിക്കാൻ സാധ്യതയുണ്ട്. ക്രൈം ബ്രാഞ്ച് അന്വേഷണം ഏത് രീതിയിലായിരിക്കും എന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്.

സിഡാക്കും കെൽട്രോണുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സാങ്കേതിക സഹായം നൽകിയിരുന്നത്. കെൽട്രോണുമായുള്ള കരാർ കമ്മീഷൻ പൂർണമായും റദ്ദാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി പ്രവർത്തിച്ച കെൽട്രോൺ ജീവനക്കാരോട് തിരികെ പോകാനും നിർദ്ദേശിച്ചിരുന്നു.

അതേസമയം തനിക്ക് വിവരങ്ങൾ കിട്ടിയത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ നിന്നാണെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും രമേശ് ചെന്നിത്തല പ്രതികരിച്ചു. ഈ കേസ് വലിയ വിവാദത്തിലേക്ക് പോയേക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios