കഴിഞ്ഞ തവണ തോറ്റ ആര്യാടന്‍ ഷൗക്കത്തും ഡിസിസി പ്രസിഡന്റ് വി വി പ്രകാശുമാണ് ഇത്തവണയും സീറ്റിനായി ശക്തമായി രംഗത്തുള്ളത്. ഇത്തവണ ഒരു അവസരം കൂടി നല്‍കണമെന്ന ആവശ്യമാണ് ആര്യാടന്‍ ഷൗക്കത്ത് ഉന്നയിച്ചിരിക്കുന്നത്. 

നിലമ്പൂര്‍: യുഡിഎഫിന്റെ ഉറച്ച കോട്ടയായ നിലമ്പൂരില്‍ അട്ടിമറി ജയം നേടിയ പി വി അന്‍വറിന് തന്നെ എല്‍ഡിഎഫ് ഇത്തവണയും സീറ്റ് നല്‍കും. അതേസമയം, കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിയാരെന്നത് തര്‍ക്കത്തിലാണ്. കഴിഞ്ഞ തവണ തോറ്റ ആര്യാടന്‍ ഷൗക്കത്തും ഡിസിസി പ്രസിഡന്റ് വി വി പ്രകാശുമാണ് ഇത്തവണയും സീറ്റിനായി ശക്തമായി രംഗത്തുള്ളത്.

ഇത്തവണ ഒരു അവസരം കൂടി നല്‍കണമെന്ന ആവശ്യമാണ് ആര്യാടന്‍ ഷൗക്കത്ത് ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ തവണ അവസാനഘട്ടത്തില്‍ തള്ളിപ്പോയ സ്ഥാനാര്‍ത്ഥിത്വം ഇത്തവണ കിട്ടുമെന്ന പ്രതീക്ഷയിലാണ് വി വി പ്രകാശ്. കോണ്‍ഗ്രസിലെ സീറ്റു തര്‍ക്കം പക്ഷെ ഇടതുമുന്നണിയിലില്ല. ആരോപണങ്ങളും വിവാദങ്ങളുമെല്ലാമുണ്ടെങ്കിലും അന്‍വറിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്

1987 മുതല്‍ കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായിരുന്നു നിലമ്പൂര്‍. തുടര്‍ച്ചയായി ആറ് തവണ ആര്യാടന്‍ മുഹമ്മദാണ് ഇവിടെ നിന്നും നിയമസഭയിലെത്തിയത്. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ മകന്‍ ആര്യാടന്‍ ഷൗക്കത്തായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫ് പിന്തുണയോടെ പി വി അന്‍വര്‍ 11504 വോട്ടുകള്‍ക്കാണ് ആര്യാടന്‍ ഷൗക്കത്തിനെ തോല്‍പ്പിച്ചത്. എന്നാല്‍, ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷം നേടിയെങ്കിലും പിന്നാലെ നടന്ന തദ്ദേശ ഭരണ തെരെഞ്ഞെടുപ്പില്‍ കുത്തകയായിരുന്ന നിലമ്പൂര്‍ നഗരസഭ കോണ്‍ഗ്രസിനെ കൈവിട്ടു.