പൈസ കൊടുത്ത് പാലക്കാടിനെ വാങ്ങാൻ കഴിയില്ലെന്ന് വടകര എംപി ഷാഫി പറമ്പിൽ. പാലക്കാട്ടെ ജനങ്ങൾ ബിജെപിയെയും അവരുടെ പൈസയും തള്ളിക്കളയുമെന്ന് പ്രതികരണം

പാലക്കാട്: പൈസ കൊടുത്ത് പാലക്കാടിനെ വാങ്ങാൻ കഴിയില്ലെന്ന് വടകര എംപി ഷാഫി പറമ്പിൽ. പാലക്കാട്ടെ ജനങ്ങൾ ബിജെപിയെയും അവരുടെ പൈസയും തള്ളിക്കളയുമെന്നും ബിജെപി പരാജയം സമ്മതിച്ചു. മാറാത്തത് ഇനി മാറും എന്ന് പറഞ്ഞത് ഇതാണ്. രേഖാമൂലം പരാതി നൽകും. ശോഭ സുരേന്ദ്രനെ തെരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യയാക്കണം. പ്രധാനമന്ത്രി വന്ന് പ്രചാരണം നടത്തിയിടത്തും ബിജെപിക്ക് പണം നൽകേണ്ടി വരുന്നു എന്നുമാണ് ഷാഫി പറഞ്ഞത്. പാലക്കാട് കണ്ണാടിയിലെ ബിജെപിയെ വെട്ടിലാക്കിയ ദൃശ്യങ്ങൾ കോണ്‍ഗ്രസ് പ്രവർത്തകര്‍ പുറത്ത് വിട്ടിരുന്നു. വയോധികയ്ക്ക് പണം നല്‍കുന്നതാണ് ദൃശ്യങ്ങളിലുള്ളത് എന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദൃശ്യങ്ങൾ പകർത്തിയ കോൺഗ്രസ് പ്രവർത്തകരോട് ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ തട്ടിക്കയറുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പണം കിട്ടിയെന്ന് ആദ്യം പറഞ്ഞ വയോധിക ഉടനെ തിരുത്തി പറയുകയാണ് ചെയ്തത്. വയോധികയ്ക്ക് പണം നൽകിയ സ്ത്രീയെ അറിയില്ല എന്നും സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നുമാണ് ശോഭ സുരേന്ദ്രൻ വാദിക്കുന്നത്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. വയോധികയ്ക്ക് പണം നൽകിയ വെള്ളചുരിദാറിട്ട യുവതി ആരെന്ന ചോദ്യത്തിന് വ്യക്തമായി മറുപടി നൽകാൻ ശോഭ സുരേന്ദ്രന് കഴിഞ്ഞില്ല. തന്‍റെ കാറിൽ അവര്‍ സഞ്ചരിച്ചോ ഇല്ലയോ എന്ന ചോദ്യത്തിനും ശോഭയ്ക്ക് മറുപടിയുണ്ടായിരുന്നില്ല.