കോഴിക്കോട്: വയനാട് ബപ്പന മലയിൽ ഇന്നലെ തണ്ടർബോൾട്ടിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത് മാവോയിസ്റ്റ് വേൽമുരുകൻ തന്നെയെന്ന് സഹോദരൻ മുരുകൻ സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ അമ്മയ്ക്ക് ഒപ്പം എത്തിയതായിരുന്നു മുരുകൻ. സഹോദരന്റെ കൈയിലും നെഞ്ചിലും വയറിലും നിറയെ പരിക്കുണ്ടെന്നും നിരവധി തവണ തൊട്ടടുത്ത് നിന്നും വെടിയുതിർത്തുവെന്ന് സംശയിക്കുന്നതായും സഹോദരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

വേൽമുരുകന്റെ മൃതദേഹത്തിൽ പോസ്റ്റ്മോർട്ടം പരിശോധന തുടങ്ങി. ഇതിന് ശേഷം ഇന്ന് തന്നെ മൃതദേഹം സ്വദേശമായ തമിഴ്നാട്ടിലെ മധുരയിലേക്ക് കൊണ്ടുപോകും. വ്യാജ ഏറ്റമുട്ടലാണ് നടന്നതെന്ന് ആരോപിച്ച വേൽമുരുകന്റെ സഹോദരൻ, കേസിൽ അന്വേഷണം ആവശ്യപ്പെട്ട് നാളെ മധുര ഹൈക്കോടതിയെ സമീപിക്കും. മോർച്ചറിയിൽ ആദ്യം മുഖം മാത്രമാണ് കാണിച്ചത്. പിന്നീട് നിർബന്ധിച്ചപ്പോഴാണ് ശരീരത്തിലെ തുണി മാറ്റി മൃതദേഹം മുഴുവനായി കാണാൻ അനുവദിച്ചതെന്നും മുരുകൻ പറഞ്ഞു.

അതിനിടെ വയനാട്ടിൽ ഏറ്റുമുട്ടൽ നടന്ന ബപ്പന മലയിലെത്തിയ ക്രൈം ബ്രാഞ്ച് സംഘം ഇവിടെ നിന്ന് മടങ്ങി. രണ്ട് എസ്പിമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഏറ്റുമുട്ടൽ അന്വേഷിക്കുന്നത്. ഏറ്റുമുട്ടലിൽ പങ്കെടുത്ത തണ്ടർബോൾട്ട് സംഘത്തിൽ നിന്നും ക്രൈംബ്രാഞ്ച് ഇനി വിശദാംശങ്ങൾ ശേഖരിക്കും.