ഇനി മണ്‍സൂണ്‍ തുടങ്ങുന്നതു വരെ അന്തരീക്ഷം ശാന്തമായിരിക്കുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. തിരുവനന്തപുരം, പാലക്കാട്, വയനാട് ജില്ലകളിലെ മഴ മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചു.

കോഴിക്കോട്: ടൗട്ടേ ചുഴലിക്കാറ്റ് കേരള തീരം വിട്ടതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്കും കടലാക്രമണത്തിനും ശമനം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മൂന്നു ജില്ലകളിലെ മഴ മുന്നറിയിപ്പ് പിന്‍വലിച്ചു. കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നേരിയ തോതില്‍ മഴ തുടരുന്നുണ്ട്. 

ഇനി മണ്‍സൂണ്‍ തുടങ്ങുന്നതു വരെ അന്തരീക്ഷം ശാന്തമായിരിക്കുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. തിരുവനന്തപുരം, പാലക്കാട്, വയനാട് ജില്ലകളിലെ മഴ മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചു. ചുഴലിക്കാറ്റ് ഏറ്റവുമധികം നാശം വിതച്ച വടക്കന്‍ ജില്ലകളില്‍ പക്ഷേ നിരവധി കുടുംബങ്ങള്‍ ഇപ്പോഴും ബന്ധുവീടുകളില്‍ തുടരുകയാണ്. കടല്‍ഭിത്തിയും റോഡും കുടിവെളള പൈപ്പുകളും തകര്‍ന്ന കോഴിക്കോട് അഴീക്കല്‍ പഞ്ചായത്തില്‍ അറ്റകുറ്റപ്പണികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. 

കാസര്‍കോട് ജില്ലയില്‍ പലയിടത്തും നേരിയ തോതില്‍ മഴ തുടരുന്നുണ്ട്. നീലേശ്വരം തൈക്കടപ്പുറം, ചേരങ്കൈ, ഷിറിയ തുടങ്ങിയ പ്രദേശങ്ങളില്‍ കടലാക്രമണത്തിന്‍റെ ശക്തി കുറഞ്ഞു. ജില്ലയില്‍ മഴയിലും കടലാക്രമണത്തിലും 10 വീടുകൾ പൂർണമായും 45 വീടുകൾ ഭാഗികമായും തകർന്നു. 

കണ്ണൂര്‍ ജില്ലയിലും നേരിയ തോതില്‍ മഴയുണ്ട്. തലശ്ശേരി താലൂക്കിൽ കടൽക്ഷോഭത്തെ തുടർന്ന് മാറ്റിപ്പാര്‍പ്പിച്ച 55 കുടുംബങ്ങള്‍ ക്യാംപുകളില്‍ തുടരുകയാണ്. ധർമ്മടം, കതിരൂർ, കോടിയേരി, പാനൂർ, പെരിങ്ങളം, തൃപ്രങ്ങോട്ടൂർ, ബേക്കളം, ചെറുവാഞ്ചേരി പ്രദേശങ്ങളിലാണ് വീടുകള്‍ക്ക് ഏറ്റവുമധികം നാശമുണ്ടായത്.

മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും അന്തരീക്ഷം ശാന്തമാണ്. എറണാകുളത്ത് ഇന്നലെ രാത്രിയോടെ മഴ ശമിച്ചു. കടൽക്ഷോഭം കുറഞ്ഞതോടെ ചെല്ലാനത്തെ വീടുകളിൽ നിന്നും വെള്ളം ഇറങ്ങി. കനത്ത കാറ്റിലും മഴയിലും ജില്ലയിൽ വ്യാപക കൃഷി നാശം ഉണ്ടായിട്ടുണ്ട്. നാശനഷ്ടം സംബന്ധിച്ച കണക്കുകൾ കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കി വരുന്നു. ഭൂതത്താൻ കെട്ട് അണക്കെട്ടിൻ്റെ എട്ടു ഷട്ടറുകൾ തുറന്നിട്ടുണ്ട്. മഴയും കടല്‍ക്ഷോഭവും ഉണ്ടെങ്കിലും മീന്‍പിടിക്കുന്നതിനുളള വിലക്കും ബീച്ചുകളിലെ നിയന്ത്രണവും തുടരുകയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona