Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം അതിരൂക്ഷം; ഇന്ന് കുത്തിവയ്പ്പ് പൂര്‍ണമായി മുടങ്ങും

സംസ്ഥാനത്തെ പ്രധാന സംഭരണ കേന്ദ്രങ്ങളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ വാക്സിൻ സ്റ്റോക്ക് പൂജ്യമാണ്. ജില്ലകളിലേക്ക് നൽകിയവയും തീർന്നു. ഇന്ന് നൽകാൻ വാക്സിനില്ല.

Kerala faces covid vaccine shortage
Author
Thiruvananthapuram, First Published Jul 28, 2021, 7:32 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് മേഖലാ  സംഭരണ കേന്ദ്രങ്ങളിലും വാക്സിൻ പൂർണമായും തീർന്നു. ജില്ലകളിലും  കോവിഷീൽഡ്  തീർന്നതോടെ ഇന്ന് വാക്സിനേഷൻ പൂർണമായി മുടങ്ങുമെന്നതാണ് സ്ഥിതി. അതേസമയം ഇന്ന് കൂടുതൽ  വാക്സിൻ എത്തിയേക്കുമെന്നാണ് അനൗദ്യോഗിക വിവരം. കേരളത്തിന് ആവശ്യമായ വാക്സിൻ ഉടൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ കേരളത്തിലെ ഇടതുപക്ഷ എംപിമാര്‍ക്ക് ഉറപ്പുനൽകി.

സംസ്ഥാനത്തെ പ്രധാന സംഭരണ കേന്ദ്രങ്ങളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ വാക്സിൻ സ്റ്റോക്ക് പൂജ്യമാണ്. ജില്ലകളിലേക്ക് നൽകിയവയും തീർന്നു. ഇന്ന് നൽകാൻ വാക്സിനില്ല. അവശേഷിച്ച കോവാക്സിൻ ഡോസുകളും സ്വകാര്യ മേഖലയിലെ വാക്സിനേഷനും കൊണ്ടാണ് സംസ്ഥാനത്ത് ഇന്നലെ വാക്സിനേഷൻ പൂർണമായി മുടങ്ങാതിരുന്നത്. ഇന്നലത്തോടെ ഇത് തീർന്നു. ചില ജില്ലകളിൽ മാത്രം നാമമാത്ര കോവാക്സിൻ ബാക്കിയുണ്ട്. കണ്ണൂരിൽ സർക്കാർ മേഖലയിൽ ഒരു വാക്സിനേഷൻ കേന്ദ്രം മാത്രമാണ് ഇന്നലെ പ്രവർത്തിച്ചത്.  രണ്ടാം ഡോസുകാർക്ക് മാത്രമാണ് കാസർഗോഡ് ഇന്നലെ വാക്സിൻ നൽകിയത്. ഉള്ള സ്റ്റോക്കിൽ നിന്ന് ഒരു ലക്ഷത്തിലധികം പേർക്ക് ഇന്നലെ വാക്സിൻ നൽകി.   

അതേസമയം എറണാകുളം മേഖലാകേന്ദ്രത്തിലേക്ക് 2 ലക്ഷവും കോഴിക്കോട് മേഖലയിലേക്ക് 4 ലക്ഷവും ഡോസ് വാക്സിൻ ഇന്ന് എത്തുമെന്നാണ് വാക്കാലുള്ള അറിയിപ്പ്. ഔദ്യോഗിക ഉറപ്പ് കിട്ടിയിട്ടില്ല. സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീമിന്‍റെ നേതൃത്വത്തിൽ ഇടതുപക്ഷ അംഗങ്ങൾ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് കേരളത്തിന് ആവശ്യത്തിന് വാക്സിൻ നൽകുമെന്ന്  കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പ് നൽകിയത്. 

Follow Us:
Download App:
  • android
  • ios