തീവ്രവാദികളടക്കം കൊടും കുറ്റവാളികളെ പാർപ്പിക്കാൻ ആധുനിക സുരക്ഷാ സംവിധാനങ്ങളാണ് അതിസുരക്ഷാ ജയിലില്‍ ഏർപ്പെടുത്തിയിട്ടുള്ളത്.

തൃശ്ശൂർ: സംസ്ഥാനത്തെ ആദ്യത്തെ അതിസുരക്ഷാ ജയിൽ തൃശ്ശൂരിലെ വിയ്യൂരിൽ പ്രവർത്തനം ആരംഭിച്ചു. തീവ്രവാദികളടക്കമുള്ള കൊടും കുറ്റവാളികളെ പാർപ്പിക്കാൻ ആധുനിക സുരക്ഷാ സംവിധാനങ്ങളാണ് അതിസുരക്ഷാ ജയിലില്‍ ഏർപ്പെടുത്തിയിട്ടുള്ളത്.

ജയിലില്‍ ഒരേസമയം അറുനൂറോളം തടവുകാരെ പാർപ്പിക്കാൻ സൗകര്യമുണ്ട്. 2016 ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ജയിലിന്റെ ഉദ്ഘാടനം നടത്തിയിരുന്നു. ഇപ്പോഴാണ് പണി പൂർത്തിയായി പ്രവർത്തനമാരംഭിക്കുന്നത്. ഒമ്പതേക്കറിൽ മൂന്ന് നില കെട്ടിടമാണ് നിർമ്മിച്ചിരിക്കുന്നത്. സ്കാനറിലൂടെ നടന്ന് വിരൽ പ‍ഞ്ചിംഗ് നടത്തിയ ശേഷം വേണം ജയിലിന്‍റെ അകത്ത് പ്രവേശിക്കാൻ. തടവുകാർക്ക് പരസ്പരം കാണാനാവില്ല. എല്ലാ മുറികളിലും സിസിടിവിയും സ്ഥാപിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ കോടതി നടപടികൾക്ക് വീഡിയോ കോൺഫറൻസിംഗ് സൗകര്യവും ജയിലില്‍ ഒരുക്കിയിട്ടുണ്ട്.

24 മണിക്കൂറും സുരക്ഷാ ഭടന്മാരുള്ള നാല് ടവറുകളും സ്ഥാപിച്ചിട്ടുണ്ട്. ആധുനിക സൗകര്യമുള്ള അടുക്കളയുടെ നിർമ്മാണം പൂർത്തിയാവുന്നതേയുള്ളൂ അതുവരെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും തടവുകാർക്ക് ഭക്ഷണമെത്തിക്കും.