Asianet News MalayalamAsianet News Malayalam

ഒന്നാം ക്ലാസിൽ കുട്ടികൾ കുറഞ്ഞു; 2 മുതൽ 10 വരെ ക്ലാസുകളിൽ സർക്കാർ സ്കൂളിലേക്ക് ചേക്കേറി 1.19 ലക്ഷം കുട്ടികൾ

രണ്ടു മുതൽ 10 വരെ ക്ലാസുകളിൽ സർക്കാർ സ്കൂളുകളിൽ 119970 കുട്ടികൾ വർധിച്ചു

Kerala First standard students strength fall one lakh more students joins govt schools
Author
Thiruvananthapuram, First Published Jul 7, 2022, 9:08 AM IST

തിരുവനന്തപുരം: ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ ഇക്കുറി കുറവുണ്ടായെന്ന് സംസ്ഥാന സർക്കാരിന്റെ കണക്ക്. ഒന്നാം ക്ലാസിൽ 45573 കുട്ടികളുടെ കുറവാണ് ഉണ്ടായത്. സർക്കാർ/ എയ്ഡഡ്/ അൺഎയ്ഡഡ് സ്കൂളുകളിൽ ഒരുപോലെ കുറവുണ്ടായിട്ടുണ്ട്. 

പൊതുവിദ്യാലയങ്ങളിലെത്തുന്ന കുട്ടികളുടെ എണ്ണം കൂടി വരുന്നതാണ് കഴിഞ്ഞ കുറെ വ‍ർഷങ്ങളിലായുള്ള പതിവ്. പക്ഷെ ഇത്തവണ ഈ പതിവ് തെറ്റി. ഈ വർഷം സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ ഒരുപോലെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവുണ്ട്. ഒന്നാം ക്ലാസിൽ പ്രവേശനം  നേടിയ ആകെ കുട്ടികളുടെ എണ്ണം 3,03,168 ആണ്. കഴിഞ്ഞ വർഷം ഇത് 3,48,741 കുട്ടികളായിരുന്നു. 45,573 കുട്ടികളുടെ കുറവാണ് ഉണ്ടായത്.

സർക്കാർ സ്കൂളുകളിൽ മാത്രം 15380 കുട്ടികളുടെ കുറവ് ഉണ്ടായിട്ടുണ്ട്. എയ്ഡഡ് സ്കൂളുകളിൽ 22,142 കുട്ടികളുടെ കുറവുണ്ടായി. അൺ എയ്ഡഡ് സ്കൂളുകളിൽ 8051 കുട്ടികൾ കുറഞ്ഞു. കുട്ടികളുടെ എണ്ണം കുറഞ്ഞതിലെ കാരണം സർക്കാർ വ്യക്തമായി പറയുന്നില്ല. എന്നാൽ രണ്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ സർക്കാർ സ്കൂളുകളിലെ കുട്ടികളുടെ ഏണ്ണം കൂടി. സർക്കാർ സ്കൂളുകളിൽ 44,915 കുട്ടികളും എയ്ഡഡ് സ്കൂളുകളിൽ 75,055 കുട്ടികളും ഉൾപ്പെടെ 1,19,970 കുട്ടികൾ കൂടി.

ഈ വർഷം ആകെ 38,32,395 കുട്ടികളാണ് സ്കൂളുകളിൽ ഉള്ളത്. സാധാരണ ഒന്നാം ക്ലാസിൽ കൂട്ടികൾ ചേർന്നതിന്റെ കണക്ക് അധ്യയനം തുടങ്ങി ആറാമത്തെ പ്രവർത്തി ദിനത്തിൽ സ‍ർക്കാർ പുറത്തുവിടാറുണ്ട്. കഴിഞ്ഞ അഞ്ച് വർഷവും പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കൂടുന്നത് ഇടത് ഭരണത്തിലെ വലിയ നേട്ടമായി സർക്കാർ ഉയർത്തിക്കാട്ടിയിരുന്നു. എന്നാൽ ഇക്കുറി കുട്ടികൾ കുറഞ്ഞതോടെ സർക്കാർ ഈ പ്രചാരണത്തിന് മുതിർന്നില്ല. നിയമസഭയിൽ ഒരംഗത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഈ കണക്ക് സമർപ്പിച്ചത്.

ഒന്നാം ക്ലാസിൽ ഈ വർഷം പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ജില്ല തിരിച്ച്:

  1. തിരുവനന്തപുരം - 22,433
  2. കൊല്ലം - 17,024
  3. പത്തനംതിട്ട - 6,554
  4. ആലപ്പുഴ - 13,005
  5. കോട്ടയം - 11,687
  6. ഇടുക്കി - 8,063
  7. എറണാകുളം - 19,821
  8. തൃശൂർ - 26,186
  9. പാലക്കാട് - 27,514
  10. മലപ്പുറം - 68,517
  11. കോഴിക്കോട് - 31,248
  12. വയനാട് - 9,519
  13. കണ്ണൂർ - 24,733
  14. കാസർകോട് - 16,866
Follow Us:
Download App:
  • android
  • ios