പത്തനംതിട്ട: 2018 ലെ മഹാപ്രളയത്തിൽ വൻ നാശനഷ്ടമുണ്ടായ പമ്പാ ത്രിവേണിയിൽ അടിഞ്ഞ് കൂടിയ മണൽ ഇപ്പോഴും വെള്ളപൊക്ക സാധ്യത സൃഷ്ടിക്കുന്നു. മണൽ നീക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയെങ്കിലും വനം, ദേവസ്വം വകുപ്പുകൾ തമ്മിലുള്ള തർക്കം തടസ്സമായി. മണൽ കൊണ്ടുപോകാൻ കേരളാ ക്ലേസ് ആൻഡ് സിറാമിക്സ് കമ്പനി എത്തിയെങ്കിലും സർക്കാർ ഉത്തരവിറക്കാത്തതിനാൽ വനംവകുപ്പ് അനുമതി നൽകിയില്ല.

പ്രളയത്തിൽ പമ്പയിൽ 90000 എംക്യൂബ് മണൽ അടിഞ്ഞ് കൂടിയിരുന്നു. ദേവസ്വം വനംവകുപ്പുകൾ തമ്മിലുള്ള തർക്കം മൂലം മണൽ ലേലം പാളി. മന്ത്രിതല ചർച്ചക്കൊടുവിൽ രണ്ട് വകുപ്പുകളും മണൽ വീതം വെച്ചു. പിന്നീട് നദിയിൽ ശേഷിക്കുന്ന 75000ത്തോളം എം ക്യൂബ് മണൽ പ്രളയ സാധ്യത ഉണ്ടാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. അതിനിടെ കേരളാ ക്ലേസ് ആൻഡ് സിറാമിക്സിന് മണൽ എടുക്കാൻ അനുമതി നൽകി ദേവസ്വം സെക്രട്ടറി ഉത്തരവിറക്കി. ഇതിന്‍റെ അടിസ്ഥാനത്തിൽ മണൽ നീക്കാൻ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷനായ കളക്ടർ നിർദേശിച്ചു. 

എന്നാൽ, സർക്കാർ ഉത്തരവില്ലാതെ പെരിയാർ ടൈഗർ റിസർവ്വിൽ നിന്ന് മണൽ കൊണ്ട് പോകാൻ കഴിയില്ലെന്ന് വനംവകുപ്പ് അറിയിച്ചു. ഇതോടെ മണൽ നിറച്ച ലോറികൾ ഒരു ദിവസം പമ്പയിൽ കിടന്നു. കളക്ടറുടെയും സബ് കളക്ടറുടെയും നേതൃത്വത്തിലുള്ള സംഘം വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ചക്കുപാലത്തും നിലക്കലുമായി മണൽ ശേഖരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, മണൽ കൊണ്ട് പോകുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.