വയനാട്: പ്രളയം കഴിഞ്ഞ് പത്തുമാസം പിന്നിട്ടിട്ടും അടിയന്തര ധനസഹായമായ പതിനായിരം രൂപ പോലും ലഭിക്കാതെ വയനാട്ടില്‍ നിരവധി പേർ. ലോക്ഡൗൺ കാലത്തുപോലും പലരും ധനസഹായത്തിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്. 

2019 ഓഗസ്റ്റിൽ സംഭവിച്ച ദുരന്തത്തില്‍ ജില്ലയില്‍ പ്രളയബാധിതരായി സർക്കാർ കണക്കാക്കിയത് 14837 പേരെയാണ്. പുത്തുമല ദുരന്തമുൾപ്പടെ സംഭവിച്ച വൈത്തിരി താലൂക്കില്‍ മാത്രം 4753 പേരെയാണ് പ്രളയബാധിതരായി പട്ടികയിലുൾപ്പെടുത്തിയത്. ഇവർക്കെല്ലാം അടിയന്തര ധനസഹായം നല്‍കിയെന്നാണ് തഹസില്‍ദാർ പറയുന്നത്. എന്നാല്‍ പ്രളയബാധിതർ പറയുന്നതിതാണ്. 

"ഒന്നുകിൽ അക്കൗണ്ട് നമ്പ‌‌ർ തെറ്റാണെന്ന് പറയും, ഐഡൻ്റിന്റി കാ‌ർഡ് ശരിയല്ലെന്ന് പറഞ്ഞു പിന്നെ, അത് കഴിഞ്ഞ് അധികാരി ലീവിലാണ് വരട്ടെയെന്ന് പറഞ്ഞു"  - അബ്ദുറഹിമാന്‍, പ്രളയബാധിതന്‍

പല തവണ പലയിടങ്ങളിലായി അപേക്ഷ എഴുതി കൊടുത്തു, എനിക്ക് ഇത് വരെ കിട്ടിയില്ല, മറ്റ് പലർക്കും കിട്ടി. -  ലീല , പ്രളയ ബാധിത 

കഴിഞ്ഞ തവണ പഞ്ചായത്തിൽ പോയി ചോദിച്ചപ്പോഴും പറഞ്ഞത് അവർക്കറിയില്ലെന്നാണ്, അവർ കൈ മലർത്തുന്നു - നരേന്ദ്രന്‍, പ്രളയബാധിതന്‍

മറ്റിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല, 8538 പേരെ പ്രളയബാധിതരായി കണക്കാക്കിയ മാനന്തവാടി താലൂക്കില്‍ ഇനിയും 416 പേർക്ക് അടിയന്തര ധനസഹായം ലഭിച്ചിട്ടില്ല. ബത്തേരി താലൂക്കില്‍ 435 പേർ ധനസഹായത്തിനായി ഇപ്പോഴും കാത്തിരിക്കുന്നു.  തലസ്ഥാനത്തുനിന്നും ധനസഹായ വിതരണ നടപടികൾ പുരോഗമിക്കുകയാണെന്നാണ് റവന്യൂ അധികൃതരുടെ പ്രതികരണം.