Asianet News MalayalamAsianet News Malayalam

സുരക്ഷയ്ക്കും ക്ഷേമത്തിനുമായി പ്രാര്‍ത്ഥിക്കുന്നു; പ്രളയസാഹചര്യം പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി ചർച്ച നടത്തി

മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍ അറിയിച്ചു. കാലതാമസം കൂടാതെ തുക വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചെന്നും മന്ത്രി വ്യക്തമാക്കി.

Kerala Flood: PM Modi talks with CM Pinarayi Vijayan
Author
New Delhi, First Published Oct 17, 2021, 5:29 PM IST

ദില്ലി: കേരളത്തില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയവുമായി (Kerala Flood) ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി (Pinarayi Vijayan) സംസാരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi). കേരളത്തിലെ നിലവിലെ സാഹചര്യം വിലയിരുത്തി. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. ''കേരളത്തിലെ കനത്ത മഴയുടെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. പരിക്കേറ്റവരെയും ദുരിതബാധിതരെയും സഹായിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍  പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു.''- മോദി ട്വീറ്റ് ചെയ്തു.

 

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 23 ആയി. കോട്ടയം കൂട്ടിക്കലില്‍ ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലില്‍ മാത്രം 11 പേരാണ് മരിച്ചത്. കൊക്കയാറില്‍ ഉരുള്‍പൊട്ടിയ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇവിടെ ആറ് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കോട്ടയത്ത് മൂന്ന് പേരും ഇടുക്കിയില്‍ ഒരാളും ഒഴുക്കില്‍പ്പെട്ടു. വടകരയില്‍ തോട്ടില്‍ വീണ്ട് രണ്ട് വയസ്സുകാരന്‍ മരിച്ചു. പാലക്കാടും തൃശൂരും മഴ തുടരുകയാണ്. നദികളിലും ജലനിരപ്പ് ഉയരുകയാണ്. ബുധനാഴ്ച മുതല്‍ വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. 

 

കോട്ടയം മുണ്ടക്കയത്തെ കൂട്ടിക്കലില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ 11 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. കാവാലിയില്‍ ഒരു കുടുംബത്തിലെ ആറ് പേരുടെയും പ്ലാപ്പള്ളിയില്‍ നാല് പേരുടെയും ഒരു ഓട്ടോ ഡ്രൈവറുടെയും മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്. ഒറ്റരാത്രിയില്‍ തിമിര്‍ത്ത് പെയ്ത പേമാരിയില്‍ കോട്ടയത്തിന്റെ കിഴക്കന്‍ മേഖലയിലെ ചെറു കുന്നുകള്‍ ഇടിഞ്ഞ് താഴുകയായിരുന്നു. ഇടുക്കി പെരുവന്താനം നിര്‍മലഗിരിയില്‍ മലവെള്ളപാച്ചിലില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വടശ്ശേരിയില്‍ ജോജോയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 

കൊക്കയാറില്‍ ഉരുള്‍പൊട്ടി കാണാതായ ആറ് പേരുടെ മൃതദേഹം കണ്ടെത്തി. നാല് കുട്ടികളുടെയും രണ്ട് മുതിര്‍ന്നവരുടെയും മൃതദേഹമാണ് കിട്ടയത്. അംന സിയാദ്, അഫ്‌സന ഫൈസല്‍, അഹിയാന്‍ ഫൈസല്‍, അമീന്‍, ഷാജി ചിറയില്‍, ഫൗസിയ എന്നിവരുടെ മൃതദേഹം കണ്ടെത്തി. ഷാജി ചിറയലിന്റെ മൃതദേഹം മണിമലയാറില്‍ മുണ്ടക്കയത്ത് നിന്നാണ് കണ്ടെത്തിയത്. ഇനി മൂന്ന് വയസുകാരന്‍ സച്ചു ഷാഹുലിനെയാണ് കണ്ടെത്താനുള്ളത്. കൊക്കയാറിന് സമീപം ഒഴുക്കില്‍പ്പെട്ട് കാണാതായ ആന്‍സിയെയും കണ്ടെത്താനുണ്ട്.

അതേസമയം, മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍ അറിയിച്ചു. കാലതാമസം കൂടാതെ തുക വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചെന്നും മന്ത്രി വ്യക്തമാക്കി.
 

Follow Us:
Download App:
  • android
  • ios