തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ മുന്നറിയിപ്പ്. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇരുകരകളിലെയും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് തൃശൂര്‍ ജില്ലാ ഭരണകൂടമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ചാലക്കുടി പുഴയിലെ പെരിങ്ങള്‍കുത്ത് ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രളയബാധിത പ്രദേശങ്ങളില്‍ ഒന്നാണ് ചാലക്കുടി. 

ചാലക്കുടി കോട്ടറ്റ് വീടുകളിൽ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ചുതുടങ്ങി. 50ഓളം പേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ചാലക്കുടി പുഴയിൽ  മലവെള്ളപാച്ചിലിൽ ഒലിച്ചുവന്ന മരത്തടികൾ ജെസിബി ഉപയോഗിച്ച് മാറ്റുകയാണ്. ജില്ലയില്‍ 536 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബുധനാഴ്‌ച രാത്രി മുതല്‍ വിവിധയിടങ്ങളില്‍ വൈദ്യുതബന്ധം താറുമാറായിരിക്കുകയാണ്. മഴമൂലം ഗതാഗതും തടസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

"   

മഴക്കെടുതിയില്‍ ഇന്ന് 21 പേരാണ് മരിച്ചത്. വയനാട് പുത്തുമലയില്‍ ഉരുള്‍പൊട്ടിയുണ്ടായ അപകടത്തില്‍ ഏഴ് പേരുടെ മൃതദേഹം കണ്ടെത്തി. നൂറേക്കറിലധികം സ്ഥലം ഒലിച്ചുപോയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്നാണ് സൂചനകള്‍. കരസേനയുടെ കൂടുതൽ യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിന് പാങ്ങോട് നിന്ന് ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലേക്ക് പുറപ്പെട്ടു. അടിയന്തിര സാഹചര്യമുണ്ടായാൽ ഇറങ്ങാന്‍ രണ്ടു കോളം സേനയെയും  തയ്യാറാക്കിയിട്ടുണ്ട്.

കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കൊല്ലത്തും തിരുവനന്തപുരത്തും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇന്ന് റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ എല്ലാം നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.