ഒരാഴ്ച 15,000 വരെ ആന്‍റിബോഡി ടെസ്റ്റ് നടത്താനാണ് ശ്രമം. സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോയെന്ന് അറിയാനാണ് ഈ ടെസ്റ്റ് നടത്തുന്നത്. ആന്‍റിബോഡി ടെസ്റ്റ് പോസിറ്റീവ് ആയാല്‍ പിസിആര്‍ ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ആന്‍റിബോഡി ടെസ്റ്റുകള്‍ വ്യാപകമായി ആരംഭിക്കാന്‍ പോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐസിഎംആര്‍ വഴി 14,000 കിറ്റുകള്‍ ലഭിച്ചു. അതില്‍ 10,000 വിവിധ ജില്ലകള്‍ക്ക് നല്‍കി കഴിഞ്ഞു. 40,000 കിറ്റുകള്‍ കൂടെ മൂന്ന് ദിവസത്തിനുള്ളില്‍ ലഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ഒരാഴ്ച 15,000 വരെ ആന്‍റിബോഡി ടെസ്റ്റ് നടത്താനാണ് ശ്രമം. സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോയെന്ന് അറിയാനാണ് ഈ ടെസ്റ്റ് നടത്തുന്നത്. ആന്‍റിബോഡി ടെസ്റ്റ് പോസിറ്റീവ് ആയാല്‍ പിസിആര്‍ ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. സ്ഥിതി രൂക്ഷമാകുന്നു എന്നാണ് കൂടിയ രോഗ വ്യാപന നിരക്ക് സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

50 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 48 പേര്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തിയവരാണ്. പത്ത് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധയുണ്ടായത്.

22 പേരുടെ പരിശോധന ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്.പാലക്കാട്ട് മാത്രം ഇന്ന് നാൽപ്പത് പുതിയ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലപ്പുറത്ത് 18 പേര്‍ക്കാണ് കൊവിഡ്. പത്തനംതിട്ടയിൽ പതിനൊന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.