ദില്ലി: മരട് ഫ്ലാറ്റ് കേസിൽ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് സത്യവാംങ്മൂലം നൽകിയത്. സുപ്രീംകോടതി വിധി പ്രകാരം അനധികൃത ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികൾ തുടരുകയാണെന്ന് സര്‍ക്കാരിന്‍റെ സത്യവാങ്മൂലത്തിൽ പറയുന്നു. ഇതിനായി സാങ്കേതിക സമിതിക്ക് രൂപം നൽകിയെന്നും സര്‍ക്കാര്‍ വിവരിച്ചിട്ടുണ്ട്.

കോടതി നിയമിച്ച റിട്ട ഹൈക്കോടതി ജഡ്ജി കെ ബാലകൃഷ്ണൻ നായര്‍ അധ്യക്ഷനായുള്ള സമിതി ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരം നൽകിവരികയാണ്. ഇതുവരെ 10 കോടി 87 ലക്ഷം രൂപ വിതരണം ചെയ്തു. ഫ്ലാറ്റുടമകൾ നൽകുന്ന രേഖകൾ പ്രകാരമാണ് നഷ്ടപരിഹാരം നൽകുന്നത്. ഫ്ലാറ്റ് നിര്‍മ്മാതാക്കൾക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

ജയിൻ കണ്‍സ്ട്രക്ഷൻ ഉടമ സന്ദീപ് മേത്ത മദ്രാസ് ഹൈക്കോടതിയിൽ നിന്ന് മുൻകൂര്‍ ജാമ്യം നേടിയതും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥെരെ കേൾക്കാതെയാണ് ഹൈക്കോടതി മുൻകൂര്‍ ജാമ്യം നൽകിയതും സത്യവാങ്മൂലത്തിൽ പറയുന്നു.