Asianet News MalayalamAsianet News Malayalam

കൊവിഡ് : ആരോഗ്യവകുപ്പ് പരാജയം, സർക്കാർ നിഷ്ക്രിയം, സ്വകാര്യ ആശുപത്രികൾ ആശ്രയമെന്നും വിഡി സതീശൻ

കൊവിഡ് അതിവേഗം പടരുമ്പോൾ സംസ്ഥാന സർക്കാർ നിഷ്ക്രിയമായി നോക്കിനിൽക്കുകയാണ്. സർക്കാരിന്റെ പക്കൽ ആക്ഷൻ പ്ലാനൊന്നുമില്ലെന്നും വിഡി സതീശൻ

Kerala Government and health department failure in fighting Covid 3rd spread says VD Satheesan
Author
Kochi, First Published Jan 22, 2022, 3:06 PM IST

കൊച്ചി: കൊവിഡിന്റെ മൂന്നാം തരംഗം നേരിടുന്നതിൽ സംസ്ഥാനത്തെ ആരോഗ്യവകുപ്പ് പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആരോഗ്യവകുപ്പ് നിശ്ചലമാണ്. രണ്ടു മാസം മുൻപ് കിട്ടിയ മുന്നറിയിപ്പ് പോലും സംസ്ഥാന സർക്കാർ കണക്കിലെടുത്തില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

കൊവിഡ് അതിവേഗം പടരുമ്പോൾ സംസ്ഥാന സർക്കാർ നിഷ്ക്രിയമായി നോക്കിനിൽക്കുകയാണ്. സർക്കാരിന്റെ പക്കൽ ആക്ഷൻ പ്ലാനൊന്നുമില്ല. ആശുപത്രികളിൽ പോലും അടിസ്ഥാന സൗകര്യങ്ങളില്ല. മൂന്നാം തരംഗത്തിൽ സ്വകാര്യ ആശുപത്രികളാണ് ജനത്തിന് ആശ്രയമാകുന്നത്. പാവപ്പെട്ടവർക്ക് ഒരു സൗകര്യവുമില്ലെന്നും അദ്ദേഹം വിമർശിച്ചു.

സംസ്ഥാന സർക്കാർ എന്ത് സൗകര്യമാണ് ഏർപ്പെടുത്തിയതെന്നും അദ്ദേഹം ചോദിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് ജാഗ്രതയെന്ന് മാത്രം ആവർത്തിച്ച് പറയുകയാണ്. ആരോഗ്യവകുപ്പിന് ഒരു റോളുമില്ലാത്ത സ്ഥിതിയാണ്. സംസ്ഥാന സർക്കാരിന്റെ പക്കൽ ഒരു വിവരവുമില്ല. വകുപ്പ് നിശ്ചലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കാസർകോട്ടെ സിപിഎം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ടും പ്രതിപക്ഷ നേതാവ് നിശിതമായ വിമർശനം ഉന്നയിച്ചു. കോടതിയെയും ജനങ്ങളെയും സിപിഎം വെല്ലുവിളിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പരസ്യമായി നിയമ ലംഘനം നടത്തുകയാണ്. പൊതുപരിപാടികൾക്ക് 75 പേരെന്ന സർക്കാർ നിയന്ത്രണം പരസ്യമായി സിപിഎം വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തൃശൂരിലെ സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ വ്യാഖ്യാനം നിയമ സംവിധാനത്തെ വെല്ലുവിളിക്കുന്നതാണെന്ന് വിഡി സതീശൻ വിമർശിച്ചു. പാർട്ടി സമ്മേളനങ്ങൾ മാറ്റിവെക്കുകയാണ് സിപിഎം ചെയ്യേണ്ടത്. അത് ഭരണഘടനാ ബാധ്യതയൊന്നുമല്ല. പരിപാടികൾ എല്ലാം പ്രതിപക്ഷം മാറ്റിവെച്ചുവെന്ന് ചൂണ്ടിക്കാട്ടിയ സതീശൻ, സർക്കാരാണ് മാതൃകയാകേണ്ടതെന്നും ഗൗരവം കണക്കിലെടുത്ത് പെരുമാറണമെന്നും പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios