റോഷി അഗസ്റ്റിന്റെ എതിർപ്പിനെ തുടർന്ന് കേരള കോൺഗ്രസിന്റെ മുന്നണി മാറ്റ നീക്കം പ്രതിസന്ധിയിലായി. തിരുവമ്പാടി സീറ്റ് വിട്ടുനൽകി ജോസ് കെ മാണിയെ ഒപ്പം കൂട്ടാൻ മുസ്ലിം ലീഗ് ശ്രമിക്കുമ്പോൾ, സിപിഎം വികസന നേട്ടങ്ങളിൽ പ്രതീക്ഷയർപ്പിക്കുന്നു. 

കോട്ടയം/കോഴിക്കോട്: റോഷിയുടെ ഉടക്കിൽ കേരള കോൺഗ്രസിന്‍റെ മുന്നണി മാറ്റ നീക്കം പ്രതിസന്ധിയിൽ. പാർട്ടിപിളർത്തിയുള്ള മുന്നണി മാറ്റം ഈ ഘട്ടത്തിൽ ജോസ് കെ മാണി ആഗ്രഹിക്കുന്നില്ല. നിർണായക സ്റ്റിയറിങ് കമ്മിറ്റി നാളെ ചേരുമ്പോൾ നിലപാട് റോഷി ആവർത്തിക്കും. ജോസ് കെ മാണിയെ തടയുന്ന ഏക ഘടവും റോഷി തന്നെയാണ്. കേരള കോൺഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റ ചർച്ചയിൽ നിർണായക പങ്കുവഹിക്കുന്നത് മുസ്ലിം ലീഗാണ്. 

തിരുവമ്പാടിക്കും പാലയ്ക്കും പുറമേ തൊടുപുഴയും വേണമെന്നാണ് മാണി ഗ്രൂപ്പിന്‍റെ ആവശ്യം. തൊടുപുഴയ്ക്ക് പകരം അപു ജോസഫിന് മറ്റൊരു സീറ്റ് അന്വേഷിക്കുയാണ് യുഡിഎഫ് എന്നാണ് സൂചന. റോഷി അഗസ്റ്റിനും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. ചർച്ചയിൽ പുരോഗതിയെന്ന് ലീഗ് നേതൃത്വം അറിയിച്ചു. ജോസുമായി സിപിഎം നേതാക്കളും ചർച്ച നടക്കുന്നുണ്ട്.

തിരുവമ്പാടിക്ക് യെസ് മൂളുമോ ജോസ്?

പരസ്പരം വച്ചുമാറ്റത്തിനായി കോൺഗ്രസ് - ലീഗ് നേതൃത്വങ്ങൾ പരിഗണിക്കുന്ന പ്രധാന സീറ്റുകളിൽ ഒന്നാണ് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസിനെ മുന്നണിയിൽ എത്തിക്കാനായി തിരുവമ്പാടി വിട്ടുനൽകാനുള്ള സന്നദ്ധതയും ലീഗ് അറിയിച്ചിട്ടുണ്ട്. അതേസമയം, തിരുവമ്പാടിയിൽ പാർട്ടി സ്ഥാനാർഥി തന്നെ മത്സരിക്കും എന്നാണ് മുസ്ലിം ലീഗിന്‍റെ പരസ്യ നിലപാട്. വിശ്വാസവും വികസനവും സാമുദായിക ഘടകങ്ങളും എല്ലാം ഒരുപോലെ സ്വാധീനിക്കുന്ന മലയോര മണ്ഡലമാണ് തിരുവമ്പാടി.

രണ്ടു പ്രബല ന്യൂനപക്ഷ വിഭാഗങ്ങൾക്കും യുഡിഎഫുമായി ആഴത്തിൽ ഇഴയടുപ്പമുള്ള മണ്ഡലം. എന്നിട്ടും മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾക്ക് രണ്ടു വട്ടമായി തോൽവി ഏറ്റുവാങ്ങേണ്ടി വന്നതാണ് പശ്ചാത്തലം. ഇതെല്ലാം പരിഗണിച്ചാണ് ഇക്കുറി യുഡിഎഫിന്‍റെ പൊതു താൽപര്യം മുൻനിർത്തി തിരുവമ്പാടിയുടെ കാര്യത്തിൽ ലീഗ് വിട്ടുവീഴ്ചകൾക്ക് തയ്യാറാകുമെന്ന സൂചന ശക്തമായത്. മണ്ഡലം രൂപീകൃതമായ 1977 കോൺഗ്രസിലെ സിറിയക് ജോൺ ആയിരുന്നു ആദ്യ എംഎൽഎ, പിന്നീട് കോൺഗ്രസിലെ തന്നെ പി പി ജോർജ്ജും ഇവിടെ നിന്ന് ജയിച്ച് കയറിയിട്ടുണ്ട്.

മുസ്ലിം ഭൂരിപക്ഷ പ്രദേശമായ തിരുവമ്പാടിയിൽ 1991ൽ എ വി അബ്‍ദുറഹ്മാൻ സ്ഥാനാർത്ഥി ആയതു മുതലാണ് മണ്ഡലം ലീഗ് മണ്ഡലമായത്. താമരശ്ശേരി രൂപതയ്ക്ക് നിർണായക സ്വാധീനമുള്ള തിരുവമ്പാടി മണ്ഡലത്തിൽ ക്രിസ്ത്യൻ വിഭാഗത്തിൽനിന്നുള്ള ഒരാളെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം യുഡിഎഫ് നേതാക്കൾക്ക് മുൻപിൽ രൂപത നേതൃത്വം പലവട്ടം ഉന്നയിച്ചതാണ്. ലീഗ് - കോൺഗ്രസ് നേതാക്കൾ ഇക്കാര്യത്തിൽ ഉറപ്പ് നൽകിയെങ്കിലും പാലിക്കപ്പെട്ടില്ല. കളമറിഞ്ഞ് കളിച്ച സിപിഎം ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള നേതാക്കളെയാണ് തുടർച്ചയായി ഇവിടെ രംഗത്ത് ഇറക്കിയതും.

മത്തായി ചാക്കോയ്ക്ക് പിന്നാലെ ജോർജ് എം തോമസും ലിന്‍റോ ജോസഫും ആണ് സിപിഎം സ്ഥാനാർത്ഥികളായി ഇവിടെനിന്ന് ജയിച്ചു കയറിയത്. ഇതെല്ലാം പരിഗണിച്ചാണ്, കോൺഗ്രസുമായുള്ള വച്ചു മാറ്റത്തിന് പരിഗണിക്കുന്ന മണ്ഡലങ്ങളുടെ പട്ടികയിൽ ലീഗ് തിരുവമ്പാടിയെയും ഉൾപ്പെടുത്തിയത്. കേരള കോൺഗ്രസ് വന്നാലോ അതല്ല, സിഎംപി നേതാവ് സി പി ജോൺ സന്നദ്ധനായാലോ മണ്ഡലം വിട്ടുനൽകാൻ തയ്യാറെന്നും ലീഗ് നേതൃത്വം അനൗദ്യോഗികമായി കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. എന്നാൽ, മണ്ഡലത്തിലെ ഏഴ് തദ്ദേശഭരണ സ്ഥാപനങ്ങളിൽ അഞ്ചിലും മികച്ച വിജയം നേടിയ പശ്ചാത്തലത്തിൽ മികച്ച വിജയപ്രതീക്ഷയാണ് ഉള്ളതെന്നും ലീഗ് തന്നെ മണ്ഡലത്തിൽ മത്സരിക്കും എന്നുമാണ് പാർട്ടിയുടെ പരസ്യ നിലപാട്.

അതേസമയം, സിറ്റിംഗ് എംഎൽഎ ലിന്‍റോ ജോസഫ് തന്നെയായിരിക്കും ഇക്കുറിയും സിപിഎം സ്ഥാനാർഥി എന്നതിൽ സംശയമേതുമില്ല. കോഴിക്കോട് വയനാട് തുരങ്ക പാത, മലയോര ഹൈവേ തുടങ്ങിയ വികസന പദ്ധതികൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. അതേസമയം, തുരങ്ക പാത തുടങ്ങുന്ന മുത്തപ്പൻ പുഴ വാർഡിലും ഈ വാർഡ് ഉൾപ്പെടുന്ന തിരുവമ്പാടി പഞ്ചായത്തിലും സമീപത്തെ കഴിഞ്ഞവട്ടം കൈവശം ഉണ്ടായിരുന്ന കൂടരഞ്ഞി പഞ്ചായത്തിലും എല്ലാം തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിടേണ്ടിവന്ന തിരിച്ചടി ഇടതുമുന്നണിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നുമുണ്ട്.