Asianet News MalayalamAsianet News Malayalam

എൻഫോഴ്സ്മെൻ്റ് നീക്കങ്ങൾക്ക് തടയിടാൻ തന്ത്രം മെനഞ്ഞ് സർക്കാർ; സ്വപ്ന പദ്ധതികളിലേക്ക് അന്വേഷണം നീളുന്നത് തടയും

ഇഡിയുമായി പോർമുഖം തുറക്കാനാണ് സർക്കാറിൻ്റെയും സിപിഎമ്മിൻ്റെയും നീക്കം. പരിധി വിട്ടാൽ തുടർ നടപടിയെന്ന മുഖ്യമന്ത്രിയുടെ ഇന്നലത്തെ മുന്നറിയിപ്പ് തന്നെ അടവുമാറ്റത്തിൻ്റെ സൂചനയാണ്.

kerala government exploring ways to deal with enforcement directorate and protect dream projects
Author
Trivandrum, First Published Nov 3, 2020, 1:48 PM IST

തിരുവനന്തപുരം: സ്വപ്നപദ്ധതികളുടെ ഫയലുകൾ കൈമാറാതിരിക്കാനും ഇഡിക്കെതിരായ രാഷ്ട്രീയപ്രചാരണം ശക്തമാക്കാനുമുള്ള നീക്കങ്ങളുമായി സർക്കാറും സിപിഎമ്മും. അതേ സമയം ശിവശങ്കറിനെ ലൈഫ് കേസിൽ വിജിലൻസ് പ്രതി ചേർത്തതോടെ മുഖ്യമന്ത്രി വിജിലൻസ് വകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ വിരട്ടലും ഭീഷണിയും മോദി സർക്കാറിനെതിരെ വിലപ്പോവില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു.

ഇഡിയുമായി പോർമുഖം തുറക്കാനാണ് സർക്കാറിൻ്റെയും സിപിഎമ്മിൻ്റെയും നീക്കം. പരിധി വിട്ടാൽ തുടർ നടപടിയെന്ന മുഖ്യമന്ത്രിയുടെ ഇന്നലത്തെ മുന്നറിയിപ്പ് തന്നെ അടവുമാറ്റത്തിൻ്റെ സൂചനയാണ്. കെ ഫോൺ, ഇ മൊബിലിറ്റി, ടോറസ് ഡൗൺടൗൺ, സ്മാർട്ട് സിറ്റി അടക്കമുള്ള സ്വപ്ന പദ്ധതികളിലേക്കുള്ള ഇഡി വരവിന് തടയിടലാണ് ലക്ഷ്യം. 

വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഇഡി നൽകിയ നോട്ടീസിൽ പറയുന്ന വിശദാംശങ്ങൾ കൈമാറാതിരിക്കാനാണ് ആലോചന. നയപരമായ പദ്ധതികളുടെ വിശദാംശങ്ങൾ കൈമാറാനുള്ള നിയമതടസ്സം ചൂണ്ടിക്കാട്ടി മറുപടി നൽകാനാണ് നീക്കം. നിയമവിദഗ്ധരുമായുള്ള ആലോചനയും സർക്കാർ തുടങ്ങി. ഇഡി വീണ്ടും പിടിമുറുക്കിയാൽ സർക്കാറിൻ്റെ അടുത്തലക്ഷ്യം കോടതിയിലെ പോരാണ്. ഒപ്പം അന്വേഷണം സർക്കാറിൻ്റെ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കാൻ ഇഡിക്ക് മേൽ ബിജെപി സമ്മ‍ർദ്ദമെന്ന പേരിൽ സിപിഎം വ്യാപക രാഷ്ട്രീയപ്രചാരണവും ശക്തമാക്കും. 

അതേ സമയം അന്വേഷണ ഏജൻസികൾക്കെതിരായ നീക്കം മുഖ്യമന്ത്രി കുടങ്ങുമെന്നുള്ളത് കൊണ്ടാണെന്ന ആക്ഷേപമാണ് പ്രതിപക്ഷം ഉയർത്തുന്നത്. സിപിഎം അന്വേഷണ ഏജൻസികൾക്കെതിരെ തിരിയുമ്പോൾ മുഖ്യമന്ത്രിയുടെ രാജിയാവശ്യം കടുപ്പിച്ചുള്ള പ്രക്ഷോഭം ശക്തമാക്കുകയാണ് പ്രതിപക്ഷം‍. 

Follow Us:
Download App:
  • android
  • ios