തിരുവനന്തപുരം: കേരളത്തിന്റെ സേനയായ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സ്യത്തൊഴിലാളികൾക്കായുളള പാർപ്പിട പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ലൈഫ് പദ്ധതിയിലൂടെ രണ്ടേകാൽ ലക്ഷം വീടുകൾ പൂ‍ർത്തിയാക്കിയതിന് പിന്നാലെ മത്സ്യത്തൊഴിലാളികൾക്ക് വീടൊരുക്കാൻ സർക്കാര്‍ വമ്പന്‍ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുനർഗേഹം മത്സ്യത്തൊഴിലാളി പാർപ്പിട പുനരധിവാസ പദ്ധതിയിലൂടെ 18,685 പേർക്കാണ് സംസ്ഥാനത്ത് വീടുകൾ നൽകുക. മൂന്ന് ഘട്ടമായാവും പുനരധിവാസം. 2450 കോടി രൂപ ചെലവിലാണ് പദ്ധതി. 1389 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 1052 കോടി രൂപ ഫിഷറീസ് വകുപ്പിന്റെ ബജറ്റ് വിഹിതത്തിൽ നിന്നുമാണ് നൽകുക.

ലൈഫിന് പിന്നാലെ പിണറായി സർക്കാരിന്റെ വമ്പൻ പ്രഖ്യാപനം; മത്സ്യത്തൊഴിലാളികൾക്ക് പുതിയ ഭവനപദ്ധതി

രണ്ട് വർഷത്തിനുളളിൽ പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഓഖി ദുരിതബാധിതരായ മത്സ്യത്തൊഴിലാളികൾക്കായി  120 ബോട്ടുകളും ചടങ്ങിൽ വിതരണം ചെയ്തു. നാല് പേരടങ്ങുന്ന ഗ്രൂപ്പുകൾക്കാണ് എട്ട് ലക്ഷം രൂപ വരുന്ന ഒരു മത്സ്യബന്ധന യൂണിറ്റ് വിതരണം ചെയ്തത്. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർഥിനികൾക്കായി സൗജന്യ സൈക്കിൾ വിതരണവും നടത്തി.