തിരുവനന്തപുരം: പൊലീസ് വകുപ്പിലെ അഴിമതി ഓരോന്നായി ചൂണ്ടിക്കാട്ടിയ സിഎജി റിപ്പോർട്ടിൽ അന്വേഷണത്തിന് ഒരുങ്ങി സംസ്ഥാനസർക്കാർ. പൊലീസിൽ ക്രമക്കേട് നടന്നോ എന്ന് അന്വേഷിക്കാൻ ആഭ്യന്തര സെക്രട്ടറിയോട് മുഖ്യമന്ത്രി നിർദേശം നൽകി. എന്നാൽ സംസ്ഥാനസർക്കാരിന് കീഴിലുള്ള ഒരു ഉദ്യോഗസ്ഥൻ അഴിമതി അന്വേഷിച്ചാൽ പോര, പകരം സിബിഐ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ നിലപാട്. 

സിഎജി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നതോടെ വെട്ടിലായ ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിയും ആരോപണങ്ങളെ അവഗണിച്ച് മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരുന്നത്. സിപിഎമ്മും ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല, ഇതിൽ ഗുരുതരമായ ക്രമക്കേടില്ലെന്ന നിലപാടെടുക്കുകയും ചെയ്തു. ഒപ്പം, സിഎജി റിപ്പോർട്ട് സഭയിൽ വച്ചതിന് മുമ്പ് തന്നെ പി ടി തോമസ് എംഎൽഎ പൊലീസിലെ ക്രമക്കേടുകളെക്കുറിച്ച് സഭയിൽ ചോദ്യമുന്നയിച്ചതും, മാധ്യമങ്ങൾക്ക് വിവരങ്ങൾ കിട്ടിയതും സിഎജി റിപ്പോർട്ട് ചോർന്നതിന് തെളിവാണെന്നാണ് സിപിഎം ചൂണ്ടിക്കാണിക്കുന്നത്. സഭയിൽ വയ്ക്കുന്നതിന് മുമ്പ് സിഎജി റിപ്പോർട്ട് ചോർന്നത് ഗുരുതരമായ പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം ആരോപണത്തെ പ്രതിരോധിക്കാൻ ശ്രമിച്ചത്. എന്നാൽ വിമർശനവും ആരോപണങ്ങളും ശക്തമായതിനെത്തുടർന്ന് പ്രതിരോധത്തിലായപ്പോഴാണ് സർക്കാർ ഇപ്പോൾ അന്വേഷണത്തിന് ഉത്തരവിടുന്നത്.

പൊലീസ് വകുപ്പുമായി ബന്ധപ്പെട്ട ഇടപാടുകളിലെ ക്രമക്കേടുകളാണ് ആഭ്യന്തര സെക്രട്ടറിയോട് അന്വേഷിക്കാൻ നിർദേശിച്ചിരിക്കുന്നത്. എന്നാൽ, ആഭ്യന്തരസെക്രട്ടറി പരിശോധിച്ച് ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയാൽ കൂടുതൽ അന്വേഷണത്തിലേക്ക് സർക്കാർ പോകുമോ എന്നതും ചോദ്യചിഹ്നമാണ്. 

നേരത്തേ ചട്ടപ്രകാരം സിഎജി റിപ്പോർട്ട് പബ്ലിക് അക്കൗണ്ട്‍സ് കമ്മിറ്റി പരിശോധിച്ചാൽ മതിയെന്ന നിലപാടായിരുന്നു സംസ്ഥാനസർക്കാർ സ്വീകരിച്ചത്. ഇതിൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ നിലപാടെടുത്തു. വെടിയുണ്ടകൾ കാണാതാകുന്ന സംഭവം ഇതിന് മുമ്പ് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴും ഉണ്ടായിരുന്നതാണെന്നും, അന്നൊന്നും മറ്റ് അന്വേഷണം നടത്തിയിട്ടില്ലെന്നും സർക്കാർ ന്യായീകരിച്ചു. ചീഫ് സെക്രട്ടറിയും ഇതേ നിലപാടുമായി രംഗത്തെത്തി. സിഎജിയെ സംശയത്തിന്‍റെ നിഴലിലാക്കി വാർത്താക്കുറിപ്പിറക്കുകയും ചെയ്തു. ഡിജിപി ലോക്നാഥ് ബെഹ്റയാകട്ടെ, പ്രതികരിക്കാൻ തയ്യാറായതുമില്ല. തോക്കുകളും ഉണ്ടകളും കാണാതായതിനെക്കുറിച്ചും, ചില ഉണ്ടകൾക്ക് പകരം ഡമ്മി ഉണ്ടകൾ വച്ചതിനെക്കുറിച്ചും എഡിജിപി ടോമിൻ തച്ചങ്കരിയെ അന്വേഷിക്കാൻ നിയോഗിക്കുകയും ചെയ്തു. 

തോക്കുകൾ കാണാതായിട്ടില്ലെന്നും, മണിപ്പൂരിൽ പരിശീലനത്തിന് പോയ പൊലീസുകാരുടെ പക്കലാണ് കാണാതായി എന്ന് പറയപ്പെടുന്ന തോക്കുകളുള്ളതെന്നുമാണ് ഇന്നലെ തിരുവനന്തപുരം എസ്എപി ക്യാമ്പിൽ പരിശോധന നടത്തിയ എഡിജിപി ടോമിൻ ജെ തച്ചങ്കരി വ്യക്തമാക്കിയത്. വെടിയുണ്ടകൾ കാണാതായതിൽ അന്വേഷണം നടന്ന് വരികകയാണെന്നും എത്ര ഉന്നതരായാലും അവർ ശിക്ഷിക്കപ്പെടുമെന്നും തച്ചങ്കരി പറഞ്ഞു. 

എന്നാൽ വാഹനങ്ങൾ വാങ്ങിയതും, എസ്ഐ/ എഎസ്ഐമാർക്കുള്ള ക്വാർട്ടേഴ്‍സ് ഫണ്ട് വകമാറ്റി ഡിജിപിക്കും എഡിജിപിമാർക്കും വില്ലകൾ പണിതതും ഇതുവരെ അന്വേഷിക്കപ്പെട്ടിട്ടില്ല. 

നേരത്തേ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് നടപ്പാക്കിത്തുടങ്ങിയ വിഴിഞ്ഞം പദ്ധതിയിലെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്ന സിഎജി റിപ്പോർട്ടിൽ ഇടത് മുന്നണി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഒരു പടി കൂടി കടന്ന് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. സംസ്ഥാനസർ‍ക്കാരിന്‍റെ കീഴിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിച്ചാൽപ്പോര, പകരം കേന്ദ്ര ഏജൻസി തന്നെയാണ് ഇത് അന്വേഷിക്കേണ്ടതെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.

ഇത് ചൂണ്ടിക്കാട്ടിത്തന്നെ സർക്കാരിനെതിരെ ആക്രമണം പ്രതിപക്ഷം കടുപ്പിക്കാനാണ് സാധ്യത. അതിന്‍റെ തെളിവാണ്, ആഭ്യന്തര സെക്രട്ടറിയ്ക്ക് അന്വേഷണം കൈമാറിയതിനെ പരിഹസിച്ച് പി ടി തോമസ് എംഎൽഎ രംഗത്തെത്തിയത്. എസ്ഐക്ക് എതിരായ കേസ് കോൺസ്റ്റബിൾ അന്വേഷിക്കുന്നത് പോലെയാണ് മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും എതിരായ സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ ആഭ്യന്തരസെക്രട്ടറി അന്വേഷിക്കുന്നത് എന്നാണ് പി ടി തോമസിന്‍റെ പരിഹാസം.