തിരുവനന്തപുരം: ഇടത് ജനപ്രതിനിധികളും പ്രവർത്തകരും പ്രതിയായ സമരക്കേസുകള്‍ കൂട്ടത്തോടെ പിൻവലിക്കുന്നു. പൊതുമുതൽ നശിപ്പിച്ച കേസുൾപ്പെടെ പിൻവലിക്കാനുള്ള അനുമതി അപേക്ഷയാണ് കോടതിയിൽ നൽകിയത്. പിഎസ്‍സി ക്രമക്കേട് കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കള്‍ക്കെതിരായ കേസുകളും പിൻവലിക്കുന്നതിൽ ഉള്‍പ്പെടുന്നു.

ഇടതു ജനപ്രതിനിധികൾ പ്രതികളായ 73 കേസുകളും, ഇടതു പ്രവർ‍ത്തകരും യുവജനസംഘടനാ പ്രവ‍ർത്തകരും പ്രതികളായ 150 കേസുകളുമാണ് പിൻവലിക്കുന്നത്. തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി, ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി എന്നിവടങ്ങളിലാണ് കേസ് പിൻവലിക്കാനുള്ള കൂട്ടത്തോടെയുള്ള അപേക്ഷകള്‍ വന്നിരിക്കുന്നത്.

പൊതുമുതൽ നശിപ്പിക്കൽ, പൊലീസിനെ ആക്രമിക്കൽ, അനുമതിയില്ലാതെ സമരം നടത്തൽ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം രജിസ്റ്റർ ചെയ്ത കേസാണ് പിൻവലിക്കുന്നത്. പിഎസ്‍സി ക്രമക്കേട് കേസിലെ പ്രതികളായ യൂണിവേഴ്സിറ്റി കോളജിലെ മുൻ എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്ത്, നസീം എന്നിവർ‍ക്കെതിരായ കേസുകളും ഇതിൽ ഉള്‍പ്പെടുന്നു. കഴി‍ഞ്ഞ സർക്കാരിന്‍റെ കാലത്ത് പൊലീസ് ജീപ്പ് നശിപ്പിച്ചതിന് മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ 7 പ്രതിയാണ് നസീം. 

പത്ത് എസ്എഫ്ഐ പ്രവർത്തകർ‍ പ്രതിയായ കേസ് പിൻവലിക്കാനാണ് സിജെഎം കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. സമരത്തിൽ പങ്കെടുക്കാത്തിന് യൂണിവേഴ്സറ്റി കോളജിലെ ഒരു വിഭാഗം വിദ്യാർത്ഥികളെ ആക്രമിച്ചതിന് കൻ്റോൺമെൻ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ നാലാം പ്രതിയാണ് ശിവരജ്ഞിത്ത്. ഈ കേസ് പിൻവലിക്കാനും ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മൂന്നിൽ അനുമതി തേടി. പിഎസ്‍സി ക്രമക്കേട് കേസിൽ ഇതേ വരെ ക്രൈംബ്രാ‍ഞ്ച് കുറ്റപത്രം സമർപ്പിച്ചില്ല. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്തിനാൽ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. കുറ്റപത്രം വൈകുന്നതിനിടെയാണ് എസ്എഫ്ഐ നേതാക്കള്‍ക്കെതിരായ മറ്റ് ക്രിമിനൽ കേസുകള്‍ പിൻവലിക്കുന്നത്.