Asianet News MalayalamAsianet News Malayalam

സമരം തീര്‍ക്കാൻ തിരക്കിട്ട നടപടികളുമായി സര്‍ക്കാര്‍, ഔദ്യോഗിക അറിയിപ്പ് കാത്ത് ഉദ്യോഗാര്‍ത്ഥികൾ

ഉദ്യോഗാർത്ഥികളുന്നയിച്ച പ്രധാന ആവശ്യങ്ങളിൽ ഉറപ്പ് രേഖാമൂലം നൽകാനാണ് ഉദ്യോഗസ്ഥ തലത്തിൽ തിരക്കിട്ട നടപടികൾ നടക്കുന്നത്. വിവിധ വകുപ്പുകളിൽ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യേണ്ട ഒഴിവുകൾ വകുപ്പു മേധാവികൾ ഇതിനോടകം ചീഫ് സെക്രട്ടറിയെ അറിയിച്ചു.

Kerala Government taking quick action to resolve PSC ranklist strike
Author
Thiruvananthapuram, First Published Feb 23, 2021, 2:51 PM IST

തിരുവനന്തപുരം: ഉദ്യോഗാർത്ഥികളുടെ സമരം തീർക്കാൻ നടപടികളുമായി സർക്കാർ. വിവിധ വകുപ്പുകളിലെ ഒഴിവുകൾ കണക്കാക്കി നിയമനം നടത്താവുന്ന ലാസ്റ്റ് ഗ്രേഡ് തസ്തികകളുടെ പട്ടിക ആഭ്യന്തര സെക്രട്ടറി സർക്കാരിന് നൽകി. സമരം തുടരുന്ന കായികതാരങ്ങളുടെ നിയമനത്തിൽ നാളത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടായേക്കും. അതേസമയം ഔദ്യോഗിക അറിയിപ്പ് കാക്കുകയാണ് ഉദ്യോഗാർത്ഥികൾ.

ഉദ്യോഗാർത്ഥികളുന്നയിച്ച പ്രധാന ആവശ്യങ്ങളിൽ ഉറപ്പ് രേഖാമൂലം നൽകാനാണ് ഉദ്യോഗസ്ഥ തലത്തിൽ തിരക്കിട്ട നടപടികൾ നടക്കുന്നത്. വിവിധ വകുപ്പുകളിൽ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യേണ്ട ഒഴിവുകൾ വകുപ്പു മേധാവികൾ ഇതിനോടകം ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഈ വർഷം ഡിസംബർ 31നുള്ളിൽ ഉണ്ടാകാനിടയുള്ള ഒഴിവുകൾ മുൻകൂട്ടി കണ്ടാണ് റിപ്പോർട്ട് ചെയ്യുന്നത്. 

ആഗസറ്റ് വരെ എൽജിഎസ് റാങ്ക് ലിസ്റ്റിന് കാലാവധിയുമുണ്ട്. വാച്ച് മാൻമാരുടെ സമയക്രമം ഉദ്യോഗസ്ഥ ഭരണപരിഷ്കര വകുപ്പ് പരിശോധിക്കും. ഈ സമയം പുനക്രമീകരിച്ച് പുതിയ തസ്തികകൾ സൃഷിടിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. വകുപ്പ് മേധാവികൾ റിപ്പോർട്ട് ചെയ്തിട്ടുള്ള ഒഴിവുകൾ ചീഫ് സെക്രട്ടറി മന്ത്രിസഭാ യോഗത്തിൽ അറിയിക്കും. ഇതിൽ തീരുമാനം വരുന്നതോടെ സമരം തീരുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. സമരക്കാരും ഈ പ്രതീക്ഷയിലാണ്.

അതേസമയം ഫയലുകളിലെ പുരോഗതി അറിയാൻ ഉദ്യോഗാർത്ഥികൾ ഇന്ന് അഡിഷണൽ ചീഫ് സെക്രട്ടറി ആശാ തോമസിനെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നടപടികൾ പുരോഗമിക്കുന്നു എന്ന മറുപടിയാണ് അവര്‍ക്ക് ലഭിച്ചത്. നാളത്തെ മന്ത്രിസഭാ യോഗത്തിൽ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന ഉറപ്പിൽ കായികതാരങ്ങൾ തത്കാലം കടുത്ത സമരരീതികളിൽ നിന്ന് മാറി നിൽക്കുകയാണ്. അനുകൂല തീരുമാനം വന്നാൽ സമരം അവസാനിപ്പിക്കുന്ന കാര്യത്തിൽ നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.

അതേ സമയം സിപിഒ ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഈ വർഷം അവസാനം വരെ ഉണ്ടാകാനിടയുള്ള ഒഴിവുകൾ കൂടി മുൻകൂട്ടിക്കണ്ട് 1200 പേരെ നിയമനം നടത്തിക്കഴിഞ്ഞെന്നാണ് സർക്കാർ നിലപാട്. ഇതിനിടെ ഫോറസ്റ്റ് വാച്ചർ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർത്ഥികളും ഇന്ന് സമരവുമായെത്തി. നിയമനം നടത്താത്തതിൽ റോഡിൽ ശയനപ്രദക്ഷിണം നടത്തിയായിരുന്നു സമരം.

Follow Us:
Download App:
  • android
  • ios