തിരുവനന്തപുരം: ശമ്പളം പിടിക്കാനുളള തീരുമാനത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സര്‍വീസ് സംഘടനകളുമായി ഇന്ന് സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ധനമന്ത്രി തോമസ് ഐസക്കാണ് ചര്‍ച്ച നടത്തുന്നത്. ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം അഞ്ചു മാസത്തേക്ക് പിടിക്കാനായിരുന്നു സര്‍ക്കാരിന്‍റെ തീരുമാനം. 

എന്നാല്‍ എന്‍ജിഒ യൂണിയനടക്കം പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണ് യോഗം. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ തീരുമാനത്തില്‍ ചില ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. ഓണം അഡ്വാന്‍സ് എടുത്തവര്‍ക്ക് പണം തിരിച്ചടയ്ക്കാനുളള കാലാവധി നീട്ടി നല്‍കാനും, താഴെ തട്ടിലുളള ജീവനക്കാരെ സാലറി കട്ടില്‍ നിന്ന് ഒഴിവാക്കാനുമാണ് ആലോചന. പ്രൊവിഡന്‍റ് ഫണ്ടില്‍ നിന്ന് വായ്പയെടുത്തവര്‍ക്കും തിരിച്ചടവ് കാലാവധി നീട്ടി നല്‍കിയേക്കും.