Asianet News MalayalamAsianet News Malayalam

ബാലഭാസ്‌കറിന്റെ മരണം: അന്വേഷണം സിബിഐക്ക്; സ‍ർക്കാർ വിജ്ഞാപനം ഇറക്കി

  • അപകടത്തിൽ ബാലഭാസ്കറും രണ്ടരവയസ്സുകാരി മകള്‍ തേജസ്വനിയും മരിച്ചിരുന്നു
  • ബാലഭാസ്കറിന്റെ അച്ഛൻ കെസി ഉണ്ണിയാണ് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്
Kerala Government transfer balabhaskar death case to CBI
Author
Thiruvananthapuram, First Published Dec 10, 2019, 11:21 AM IST

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന സ‍ർക്കാർ സിബിഐക്ക് വിട്ടു. അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള വിജ്ഞാപനം സംസ്ഥാന സർക്കാർ പുറത്തുവിട്ടു.

കഴിഞ്ഞ വർഷം സെപ്റ്റംബർ 25 ന് പുലർച്ചെ ഒരു മണിയോടെയാണ് ബാലഭാസ്കറിന്റെ മരണത്തിന് കാരണമായ അപകടം ഉണ്ടായത്. ഇദ്ദേഹവും ഭാര്യയും മകളും സുഹൃത്തും സഞ്ചരിച്ച ഇന്നോവ കാര്‍ കോരാണിയിൽ ദേശീയപാതക്ക് സമീപമുള്ള മരത്തില്‍ നിയന്ത്രണം തെറ്റി ഇടിച്ചായിരുന്നു അപകടം.  അപകടത്തിൽ ബാലഭാസ്കറും രണ്ടരവയസ്സുകാരി മകള്‍ തേജസ്വനിയുമാണ് വിടവാങ്ങിയത്. 

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷമി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ അർജ്ജുനും സാരമായി പരിക്കേറ്റിരുന്നു.

 എന്നാൽ, അപകടസമയത്ത് വാഹനമോടിച്ചത് ആരെന്ന സംശയമാണ് അപകടത്തിലെ ദുരൂഹത ഉയർത്തിയത്. വാഹനമോടിച്ചത് ബാലഭാസ്കറായിരുന്നുവെന്ന് അർജ്ജുനും, അല്ല അർജ്ജുനാണെന്ന് ലക്ഷമിയും മൊഴി നൽകിയതോടെ ബന്ധുക്കൾ അന്വേഷണം ആവശ്യപ്പെട്ടു. 

ക്രൈം ബ്രാഞ്ച് അന്വേഷണത്തിനിടെ ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തുക്കള്‍ സ്വർണക്കടത്തുകേസിൽ പ്രതികളായി. ഇതോടെ പണം തട്ടിയടുക്കാൻ ബാലഭാസ്കറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന ബന്ധുക്കളുടെ ആരോപണത്തിന് മൂർച്ചയേറി.

 ശാസ്ത്രീയ പരിശോധനക്കൊടുവിൽ അർജ്ജുന്റെ മൊഴി കളവാണെന്ന് കണ്ടെത്തി. അർജുനാണ് വാഹനമോടിച്ചതെങ്കിലും ആസൂത്രിതമായ അപകടമല്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. എന്നാൽ ക്രൈം ബ്രാഞ്ച് സംഘത്തിന്റെ ഈ നിലപാട് തള്ളിയ ബാലഭാസ്കറിന്റെ അച്ഛനും ബന്ധുക്കളും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
 

Follow Us:
Download App:
  • android
  • ios