തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളേയും ലാബുകളേയും നിയന്ത്രിക്കാനായി കൊണ്ടുവന്ന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് നിയമം നടപ്പാക്കാനാകാതെ സര്‍ക്കാര്‍. ആശുപത്രികളും ക്ലിനിക്കുകളും ഇതുവരെ രജിസ്റ്റര്‍ ചെയ്തില്ല. നിയമത്തിലെ പല വ്യവസ്ഥകളും അംഗീകരിക്കാനാകില്ലെന്നാണ് മാനേജ്മെന്‍റുകളുടെ നിലപാട്. അതേസമയം രജിസ്ട്രേഷന് ഒരു വര്‍ഷം കൂടി സര്‍ക്കാര്‍ സമയം നീട്ടി നൽകി.

സ്വകാര്യ ആശുപത്രികളേയും ലാബുകളേയും നിയന്ത്രിക്കാനും ഫീസ് ഏകീകരിക്കാനുമാണ് സര്‍ക്കാര്‍ ഒരു വര്‍ഷം മുമ്പ് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് നിയമം നടപ്പാക്കിയത്. ഡോക്ടര്‍ക്ക് പിഴവുണ്ടായാല്‍ ആശുപത്രിയുടെ ലൈസൻസ് ഉൾപ്പെടെ റദ്ദാക്കണമെന്ന വ്യവസ്ഥയടക്കം ഉൾക്കൊള്ളുന്നതാണ് നിയമം. 

ദേശീയ അക്രഡിറ്റേഷൻ ഉള്ള വൻകിട ആശുപത്രികള്‍ ഈ നിയമത്തിന് കീഴില്‍ വരില്ല. അല്ലാത്ത ആശുപത്രികൾ പുതിയ നിയമപ്രകാരം രജിസ്ട്രേഷനെടുക്കണം. ആദ്യം താൽക്കാലിക രജിസ്ട്രേഷനും പിന്നീട് മൂന്ന് വര്‍ഷം കൂടുമ്പോൾ പുതുക്കേണ്ട രീതിയില്‍ സ്ഥിരം രജിസ്ട്രേഷനും. എന്നാല്‍ ആശുപത്രികളൊന്നും രജിസ്ട്രേഷനുമായി സഹകരിച്ചിട്ടില്ല. 

നിലവിൽ തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസ് ഉള്ളപ്പോൾ വീണ്ടും രജിസ്ട്രേഷനെന്തിനെന്ന മറു ചോദ്യമാണിവര്‍ക്ക്. ഈ നിയമപ്രകാരം ആശുപത്രികളെ നിരീക്ഷിക്കാൻ ഒരു പാനൽ നിലവില്‍ വരും. ദേശീയ മെഡിക്കല്‍ കമ്മിഷനക്കം നിലവിലുള്ളപ്പോൾ വിദഗ്ധരില്ലാത്ത സംസ്ഥാന സമിതിയെ അംഗീകരിക്കാനാകില്ലെന്നാണ് ഐഎംഎയുടെ അടക്കം നിലപാട്. പ്രാഥമിക ചികില്‍സ ആശുപത്രികളുടെ സൗകര്യങ്ങള്‍ക്കനുസരിച്ച് പുനര്‍നിര്‍വചിക്കണമെന്ന ആവശ്യവും ശക്തമാണ്.

ആശുപത്രികളിലെ ഫീസ് ഏകീകരണമടക്കമുള്ള കാര്യങ്ങളില്‍ മുന്നോട്ട് പോകാനും ഇതുവരെ സര്‍ക്കാരിനായിട്ടില്ല. നിയമത്തിന്‍റെ പരിധിയില്‍ വൻകിട ആശുപത്രികള്‍ വരില്ലെന്നതിനാല്‍ അത്തരം ആശുപത്രികളിലെ ഫീസ്, ചികില്‍സ എന്നിവയിലടക്കം സര്‍ക്കാരിന് ഇടപെടാനുമാകില്ല.