തിരുവനന്തപുരം: ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലറായുള്ള മുബാറക് പാഷയുടെ നിയമനത്തിന് വിവാദങ്ങൾക്കൊടുവിൽ ഗവർണറുടെ അംഗീകാരം. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവരുടെ വിമർശനങ്ങളെ വകവെക്കാതെ മുന്നോട്ട് പോയ സർക്കാർ തീരുമാനത്തിന് ഗവർണർ അംഗീകാരം നൽകി. 

അതേ സമയം പ്രൊ വൈസ് ചാൻസിലർക്കുള്ള നിയമനത്തിൽ ഓർഡിനൻസ് വ്യവസ്ഥ മറികടക്കാൻ സർക്കാർ ഉത്തരവ് ഇറക്കി. പ്രൊ വൈസ് ചാൻസിലർക്ക് പ്രായം 60 എന്നാണ് ഓർഡിനൻസ് വ്യവസ്ഥ. പുതിയ ഉത്തരവിൽ പ്രായം 65 ആക്കിമാറ്റി. പ്രൊ വൈസ് ചാൻസിലർ എസ് വി സുധീറിന്റെ നിയമനം സാധൂകരിക്കാനാണ് മാറ്റം. 

ശ്രീനാരായണ ഓപ്പൺ സർവ്വകലാശാലയുടെ പ്രഥമ വിസിയായി മുബാറക് പാഷയെ നിശ്ചയിച്ചതിനെതിരെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കം രംഗത്തെത്തിയിരുന്നു. മന്ത്രി കെടി ജലീലിന്റെ നീക്കങ്ങളുടെ ഭാഗമായാണ് മുബാറക് പാഷയെ നിയമിച്ചതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം. 

എന്നാൽ ജാതിയും മതവും നോക്കിയല്ല വിസിമാരുടെ നിയമനമെന്ന് സർക്കാർ വിശദീകരിക്കുന്നതെങ്കിലും മുബാറക് പാഷയുടെ നിയമനത്തിൽ മതവും കാരണമാണ്. 14 സർവ്വകലാശാലകളുടെയും തലപ്പത്ത് ഒരു മുസ്ലീം പോലുമില്ലാത്തതും പാഷയെ പരിഗണിക്കാനുള്ള ഒരു ഘടകമാണ്. ദീർഘനാൾ ഫറൂഖ് കോളേജ് പ്രിൻസിപ്പലായിരുന്ന മുബാറക് പാഷക്ക് ജലീലുമായി അടുത്ത ബന്ധമുണ്ട്.