സാമ്പത്തിക പ്രതിസന്ധിക്കിടെ ഗവര്‍ണറുടെ ധൂര്‍ത്തിനും കുറവില്ല; അനുഭാവപൂര്‍വം പരിഗണിച്ച് സര്‍ക്കാര്‍
പരസ്പരം പോരടിക്കുമ്പോഴും ഗവർണ്ണറെ കുറ്റം പറയുമ്പോഴും ചോദിക്കുന്നതെല്ലാം രാജ്ഭവന് നൽകുന്നതാണ് സർക്കാർ രീതി. ക്ഷേമ പെൻഷൻ കുടിശ്ശികയുടെ കാര്യത്തെക്കാൾ ധനവകുപ്പിൻ്റെ മുൻഗണന ഇപ്പോൾ ഗവർണ്ണറുടെ അതിഥി സൽക്കാരത്തുക കണ്ടെത്താനെന്നാണ് വിവരം.

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധികാലത്തെ അധിക ചെലവിൻ്റെ പേരിൽ സര്‍ക്കാരിനെ അടച്ചാക്ഷേപിക്കുന്ന ഗവർണറും ധൂർത്തിൽ ഒട്ടും പിന്നിലല്ല. അതിഥി സൽക്കാര ചെലവ് അടക്കം കുത്തനെ കൂട്ടണമെന്നാണ് രാജ്ഭവൻ ആവശ്യം. ആറിനം ചെലവുകൾക്ക് രണ്ടര ഇരട്ടി മുതൽ 36 ഇരട്ടി വരെ തുക അധികം വേണമെന്ന ഗവര്‍ണറുടെ ആവശ്യം അനുഭാവ പൂര്‍വ്വം പരിഗണിക്കുകയാണ് സർക്കാർ.
പറയുന്നത് ഒന്നും പ്രവര്‍ത്തി വേറൊന്നും... കുറെ നാളായി രാജ്ഭവന്‍റെ പതിവും ഗവര്‍ണറുടെ ശീലവും ഇതെന്ന് തെളിയിക്കുന്നതാണ് പുതിയ ആവശ്യങ്ങൾ. അതിഥി സൽക്കാര ചെലവുകളിൽ അടക്കം രാജ്ഭവന്‍ ആവശ്യപ്പെടുന്നത് വൻതുകയാണ്. അതിഥികൾക്കായുള്ള ചെലവുകൾ ഇരുപത് ഇരട്ടി കൂട്ടണമെന്നാണ് ആവശ്യം. വിനോദ ചെലവുകൾ 36 ഇരട്ടിയാക്കണം, ഓഫീസ് ചെലവുകൾ ആറേകാൽ ഇരട്ടി കൂട്ടണം, ഓഫീസ് ഫർണിച്ചറുകളുടെ നവീകരണ ചെലവിൽ രണ്ടര ഇരട്ടി തുക വേണം, കോൺട്രാക്ട് അലവൻസ് ഏഴ് ഇരട്ടിയും ടൂര്‍ ചെവല് ആറര ഇരട്ടിയും കൂട്ടണമെന്നും രാജ്ഭവൻ ആവശ്യപ്പെടുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള മാനദണ്ഡപ്രകാരമാണ് ഗവർണറുടെ ഈ ആനുകൂല്യങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ മാനദണ്ഡം അനുസരിച്ച് ഈ ആറിനങ്ങൾക്കായി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നൽകേണ്ടത് പരവാവധി 32 ലക്ഷം രൂപയാണ്.
കഴിഞ്ഞ പത്ത് വർഷമായി രാജ്ഭവൻ ആകെ ചെലവാക്കിയ മൂന്ന് കോടി രൂപയുടെ ശരാശരി കണക്കാക്കിയാണ് ബജറ്റിൽ വാർഷിക ചെലവായി 30 ലക്ഷം രൂപ വകയിരുത്തുന്നത്. ഇതിൽ കൂടുതൽ വരുന്ന തുക അധിക വകയിരുത്തലായോ, പുനഃക്രമീകരണം വഴിയോ ലഭ്യമാക്കുകയാണ് പതിവ്. രാജ്ഭവൻ അധികമായി ആവശ്യപ്പെട്ട 59 ലക്ഷം കഴിഞ്ഞയാഴ്ചയാണ് സർക്കാർ നൽകിയത്. അതിന് പിന്നാലെയാണ് പുതിയ ആവശ്യം. സർക്കാർ എന്തിനാണ് മുൻഗണന നൽകുന്നതെന്ന് ചോദിക്കുന്ന ഗവർണർ പക്ഷെ നിരന്തരം പണം ആവശ്യപ്പെടുന്നതാണ് സർക്കാറിന്‍റെ തലവേദന. പരസ്പരം പോരടിക്കുമ്പോഴും ഗവർണ്ണറെ കുറ്റം പറയുമ്പോഴും ചോദിക്കുന്നതെല്ലാം രാജ്ഭവന് നൽകുന്നതാണ് സർക്കാർ രീതി. ക്ഷേമ പെൻഷൻ കുടിശ്ശികയുടെ കാര്യത്തെക്കാൾ ധനവകുപ്പിൻ്റെ മുൻഗണന ഇപ്പോൾ ഗവർണ്ണറുടെ അതിഥി സൽക്കാരത്തുക കണ്ടെത്താനെന്നാണ് വിവരം.