Asianet News MalayalamAsianet News Malayalam

പെൺകുട്ടികൾ സ്ത്രീധനത്തോട് 'നോ' പറയണം; സ്ത്രീധന പരാതി ഉയർന്നാൽ ബിരുദം റദ്ദാക്കണമെന്ന് ഗവര്‍ണര്‍

ബിരുദം നൽകുമ്പോൾ തന്നെ സ്ത്രീധനം വാങ്ങില്ല എന്ന ബോണ്ട് ഒപ്പിട്ട് വാങ്ങണം. സ്ത്രീധന പരാതിയുയർന്നാൽ സർവകലാശാലകൾ ബിരുദം റദ്ദാക്കണമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. 

Kerala Governor Arif Mohammed Khan fast against dowry
Author
Thiruvananthapuram, First Published Jul 14, 2021, 5:38 PM IST

തിരുവനന്തപുരം: സ്ത്രീ ജീവിതം അടിച്ചമര്‍ത്തപ്പെടുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീധന പ്രശ്നങ്ങൾ കാരണം സ്ത്രീകളുടെ ജീവിതം അടിച്ചമർത്തപ്പെടുന്നു. നമ്മുടെ മൂല്യങ്ങൾ നശിക്കുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സാമൂഹ്യ ബോധം ഇല്ലാത്തതല്ല കേരളത്തിലെ പ്രശ്നങ്ങൾ. സ്ത്രീധനത്തിനെതിരെ എല്ലാവരും കൈകോർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീസുരക്ഷക്കായി നടത്തുന്ന ഉപവാസ സമരം വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെൺകുട്ടികൾ സ്ത്രീധനത്തോട് നോ പറയണം. സ്ത്രീധനം ആവശ്യപ്പെട്ടു എന്നറിഞ്ഞാൽ പെൺകുട്ടികൾ  വിവാഹത്തില്‍ നിന്ന് പിന്മാറണം. ബിരുദം നൽകുമ്പോൾ തന്നെ സ്ത്രീധനം വാങ്ങില്ല എന്ന ബോണ്ട് ഒപ്പിട്ട് വാങ്ങണം. സ്ത്രീധന പരാതിയുയർന്നാൽ സർവകലാശാലകൾ ബിരുദം റദ്ദാക്കണമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.  പുരുഷൻമാർക്ക് സഹാനുഭൂതി വേണം. വരൻമാരുടെ അമ്മമാരാണ് സ്ത്രീധനം തടയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിപാടിയെ കുറിച്ച് അറിഞ്ഞപ്പോൾ തന്നെ ഉപവാസത്തിന് സന്നദ്ധനായിരുന്നു. ഉപവാസം തീരുമാനിച്ചപ്പോൾ ഉമ്മൻ ചാണ്ടിയും കുമ്മനം രാജശേഖരനും ഗാന്ധിജിയുടെ പൗത്രിയും തന്നെ വിളിച്ച് പിന്തുണ നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനും പൂര്‍ണ പിന്തുണ അറിയിച്ചെന്ന് ഗവര്‍ണര്‍ പറഞ്ഞു.  സ്ത്രീധനത്തിനെതിരെ ഇത്തരത്തിലുള്ള പ്രചാരണം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നത്തെ ഉപവാസം സ്ത്രീധന വിഷയത്തിൽ മാത്രം ഊന്നിയെന്ന് ഗവർണർ  കൂട്ടിച്ചേര്‍ത്തു.

 

Follow Us:
Download App:
  • android
  • ios