തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതി പ്രകാരം രണ്ട് ലക്ഷം  വീടുകൾ നിർമ്മിച്ചതിന്റെ പ്രഖ്യാപനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തും. വൈകിട്ടാണ് പരിപാടി. പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമാധികം വീടുകൾ നിർമ്മിച്ച് നൽകിയത്. സംസ്ഥാനതലപരിപാടിക്ക് പുറമേ ലൈഫ് മിഷൻ വഴി വീട് കിട്ടിയവരുടെ സംഗമം പഞ്ചായത്ത് തലത്തിലും നടത്തുന്നുണ്ട്. രണ്ട് ലക്ഷം വീട് പൂർത്തിയാകുന്ന കരകുളം പഞ്ചായത്തിലെ തറട്ടയിലെ കാവുവിള ചന്ദ്രന്‍റെ  ഗൃഹപ്രവേശനചടങ്ങിൽ രാവിലെ മുഖ്യമന്ത്രി പങ്കെടുക്കും.  എട്ടരക്കാണ് ചടങ്ങ്.

അതേ സമയം ലൈഫ് മിഷൻ പദ്ധതി യുഡിഎഫ് പദ്ധതിയുടെ തുടർച്ചയാണെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. വീടുകൾ പൂർത്തികരിച്ചതിന്‍റെ ക്രെഡിറ്റ് പ്രതിപക്ഷ നേതാവിന് വേണമെങ്കിൽ എടുത്തോട്ടെയെന്ന് പിണറായി വിജയൻ പറഞ്ഞു. അവരുടെ വീടുകൾ പൂർത്തികരിക്കാൻ കഴിഞ്ഞുവെന്നതാണ് പ്രധാനം. അങ്ങനെ പൂർത്തിയാക്കിയത്  52,000 വീടുകളാണ്.  എന്നാൽ ഇടത് സർക്കാർ ഒന്നരലക്ഷത്തോളം വീടുകൾ  പുതുതായി നിർമ്മിച്ചുവെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പേജിൽ നടത്തിയ തൽസമയപരിപാടിയിൽ പറഞ്ഞു.

'പൂർത്തിയാക്കാൻ കഴിയാത്ത വീടുകൾ പൂർത്തീകരിച്ചതിന്റെ ക്രെഡിറ്റ് പ്രതിപക്ഷനേതാവിന് വേണമെങ്കിൽ എടുത്തോട്ടെ, ഞങ്ങൾക്ക് വേണ്ട. അവരുടെ വീടുകൾ പൂർത്തിയാക്കാൻ കഴിഞ്ഞു എന്നുള്ളതാണ് ഞങ്ങൾക്ക് പ്രധാനം. അക്കാര്യത്തിൽ ഒരു മിഥ്യാഭിമാനവും ഞങ്ങൾക്കില്ല'- മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ലൈഫ് മിഷന്‍ പദ്ധതി പറ്റിപ്പാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവിന് ഭയം മൂത്ത് ഭ്രാന്ത് പിടിച്ചെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക് തിരിച്ചടിച്ചത്.