'സംസ്ഥാന ബജറ്റിൽ തങ്ങളെ പൂർണ്ണമായി അവഗണിച്ചുവെന്ന് മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ വിമർശിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടായിരുന്നെങ്കിലും, ഡോക്ടർമാരുടെ ആവശ്യങ്ങൾ പരിഗണിക്കാത്തത് കടുത്ത വിശ്വാസവഞ്ചന'
തിരുവനന്തപുരം : സംസ്ഥാന ബജറ്റിൽ അർഹിച്ച പരിഗണന ലഭിച്ചില്ലെന്ന വിമർശനവുമായി മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടന. ഡോക്ടർമാരെ പൂർണ്ണമായി അവഗണിച്ചത് കടുത്ത വിശ്വാസ വഞ്ചനയും ഗുരുതരമായ അനീതിയുമാണെന്ന് കെജിഎംസിടിഎ വിമർശിച്ചു. ഡോക്ടർമാരുടെ ആവശ്യങ്ങളിൽ ഒന്ന് പോലും പരിഗണിക്കപ്പെട്ടില്ലെന്നും നന്ദികെട്ട ബജറ്റാണെന്നും സംഘടന കുറ്റപ്പെടുത്തി.
ബജറ്റിൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങൾ
തുടര്‍ച്ചയായ മൂന്നാം സര്‍ക്കാര്‍ ലക്ഷ്യമിട്ടാണ് എൽഡിഎഫ് ഇറങ്ങുന്നത്. എന്നാൽ ശമ്പള പരിഷ്കരണം വൈകിയതിലും ഡിഎ കുടിശ്ശികയിലും ഇടതു യൂണിയനിൽ പെട്ട ജിവനക്കാര്‍ പോലും കടുത്ത അതൃപ്തിയിലായ സാഹചര്യത്തിലാണ് പ്രതീക്ഷിച്ചത് പോലെയുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടായത്.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങളും, അധികഭാരം ഏൽപിക്കാതെയുമുള്ള ബജറ്റായിരുന്നു ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ശമ്പള പരിഷ്കരണ കമ്മീഷനും അഷ്വേഡ് പെന്‍ഷൻ പദ്ധതിയും പ്രഖ്യാപിച്ചു. ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, പ്രീ പ്രൈമറി അധ്യാപകര്‍ തുടങ്ങിയവരുടെ വേതനം കൂട്ടി. എന്നാൽ ക്ഷേമ പെൻഷനിൽ വര്‍ധനയില്ല.
അതേ സമയം മൂന്നു മാസത്തിനുള്ളിലാണ് ശമ്പള പരിഷ്കരണ കമ്മീഷൻ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്.അപ്പോഴേക്കും തെരഞ്ഞെടുപ്പ് പ്രചാരണ കാലമായിരിക്കും. 13 ശതമാനമാണ് ഡി എ കുടിശ്ശിക. ഘട്ടം ഘട്ടമായി കൊടുത്തു തീര്‍ക്കുമെന്നാണ് പ്രഖ്യാപനം. അവശേഷിക്കുന്നതിൽ ഒരു ഗഡു ഫെബ്രുവരിയിലും ബാക്കി പൂര്‍ണമായും മാര്‍ച്ചിലും നൽകുമെന്നാണ് പ്രഖ്യാപനം. പങ്കാളിത്ത പെന്‍ഷൻ പദ്ധതി പിന്‍വലിച്ച് സ്റ്റാറ്റ്യൂട്ടറി പെന്‍ഷൻ പുനസ്ഥാപിക്കുമെന്നാണിയിരുന്നു മുന്നണി വാഗ്ദാനം.ഇപ്പോള്‍ തമിഴ്നാട് മാതൃകയിൽ അഷ്വേഡ് പെന്‍ഷൻ പദ്ധതി പ്രഖ്യാപിക്കുന്നു.


