Asianet News MalayalamAsianet News Malayalam

വനിതാ മതിലിന്‍റെ ആകെ ചെലവ് എത്ര? ഒളിച്ച് കളിച്ച് സര്‍ക്കാര്‍

വനിതാ മതിലിന്‍റെ പ്രചാരണത്തിനോ ചിത്രീകരണത്തിനോ ആയി സര്‍ക്കാര്‍ പണം ചെലവിട്ടിട്ടില്ല. എന്നാല്‍ ഡിസംബര്‍ പത്തിന് മനുഷ്യാവകാശ ദിനത്തില്‍ സധൈര്യം മുന്നോട്ട് പരിപാടിക്കായി തയ്യാറാക്കിയ നോട്ടീസില്‍ വനിതാ മതില്‍ പരസ്യവും ഉള്‍പ്പെടുത്തിയിരുന്നു

kerala govt not giving exact cost of women wall
Author
Thiruvananthapuram, First Published Mar 18, 2019, 6:51 AM IST

തിരുവനന്തപുരം: വനിതാ മതിലിന്‍റെ പ്രചാരണച്ചെലവിന്‍റെ കാര്യത്തില്‍ ഒളിച്ച് കളിച്ച് സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് വിവിധ വകുപ്പുകൾ വ്യക്തമായ ഉത്തരങ്ങൾ നൽകാതെ ഒഴിഞ്ഞുമാറുകയാണ്. വനിതാമതിലിന് ഖജനാവിൽ നിന്ന് ഒരു രൂപ പോലും ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി പണ്ട് വ്യക്തമാക്കിയിരുന്നു.

പിന്നെ ഏത് വകുപ്പ് പണം ചെലവിട്ടു എന്നറിയാൻ വിവിധ വകുപ്പുകളിൽ അപേക്ഷ നൽകി. ഇൻ‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പ് വനിതാ മതില്‍ പ്രചാരണത്തിനായി വാഹനങ്ങള്‍ ഉപയോഗിച്ചെന്നും എന്നാല്‍ പണമൊന്നും ചെവിട്ടില്ലെന്നുമാണ് മറുപടി നല്‍കിയത്.

ധനവകുപ്പാകട്ടെ സാമൂഹ്യ നീതി വകുപ്പാണ് മറുപടി നല്‍കേണ്ടതെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. സാമൂഹ്യ നീതി വകുപ്പാകട്ടെ അപേക്ഷ പൊതുഭരണ വകുപ്പിനും സ്റ്റേറ്റ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കും കൈമാറി. ഒടുവില്‍ സ്റ്റേറ്റ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ രണ്ടു മാസത്തിനു ശേഷം ഇക്കഴിഞ്ഞ 13നാണ് ഇത് സംബന്ധിച്ച് മറുപടി നല്‍കിയത്.

വനിതാ മതിലിന്‍റെ പ്രചാരണത്തിനോ ചിത്രീകരണത്തിനോ ആയി സര്‍ക്കാര്‍ പണം ചെലവിട്ടിട്ടില്ല. എന്നാല്‍ ഡിസംബര്‍ പത്തിന് മനുഷ്യാവകാശ ദിനത്തില്‍ സധൈര്യം മുന്നോട്ട് പരിപാടിക്കായി തയ്യാറാക്കിയ നോട്ടീസില്‍ വനിതാ മതില്‍ പരസ്യവും ഉള്‍പ്പെടുത്തിയിരുന്നു.

ജന്‍ഡര്‍ അവബോധ പരിപാടികള്‍ക്കായി നാളിതുവരെ 40,32, 878 രൂപ ചെലവിട്ടെന്ന വിവരവും മറുപടിയിലുണ്ട്. ഇത് മതിലിനാണോ എന്ന് വ്യക്തവുമല്ല. ഹെലിക്യാം ഉള്‍പ്പെടെ ഉപയോഗിച്ച് വനിതാ മതില്‍ ചിത്രീകരണത്തിനായി വലിയ തോതിലുളള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയിരുന്നു.

പരസ്യങ്ങള്‍, പോസ്റ്ററുകള്‍ തുടങ്ങി പ്രചാരണ ചെലവുകള്‍ വേറെ. ഇതിനാവശ്യമാായ തുക പാര്‍ട്ടിയും സംഘാടക സമിതിയും കണ്ടെത്തിയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം. പക്ഷെ വിവരാവകാശ നിയമപ്രകാരമുളള മറുപടിയില്‍ ഇക്കാര്യം പറയുന്നുമില്ല. 

Follow Us:
Download App:
  • android
  • ios