Asianet News MalayalamAsianet News Malayalam

വിമാനത്താവളം സ്വകാര്യവല്‍ക്കരണത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

സാമ്പത്തിക ലേലത്തിൽ പങ്കെടുത്ത കെഎസ്ഐഡിസി പിന്തള്ളപ്പെട്ടതിന് പിന്നാലെയാണ് നിയമ നടപടി. കേന്ദ്രസർക്കാർ സംസ്ഥാനവുമായി ഉണ്ടാക്കിയ ധാരണ തെറ്റിച്ചെന്നാണ് സംസ്ഥാന സർക്കാരിന്‍റെ വാദം. 

Kerala Govt submit plea to high court against airport privatization
Author
Kochi, First Published Feb 27, 2019, 2:31 PM IST

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സംസ്ഥാന സർക്കാർ സ്ഥാപനമായ കെഎസ്ഐഡിസിയാണ് ഹർജി നൽകിയത്. വിമനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നടപടികൾ തടയണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. 

സാമ്പത്തിക ലേലത്തിൽ പങ്കെടുത്ത കെഎസ്ഐഡിസി പിന്തള്ളപ്പെട്ടതിന് പിന്നാലെയാണ് നിയമ നടപടി. കേന്ദ്രസർക്കാർ സംസ്ഥാനവുമായി ഉണ്ടാക്കിയ ധാരണ തെറ്റിച്ചെന്നാണ് സംസ്ഥാന സർക്കാരിന്‍റെ വാദം. 

2005ൽ 324 കോടി രൂപ നഷ്ടപരിഹാരം നൽകിയാണ് ഭൂമി ഏറ്റെടുത്ത് നൽകിയത്. ഈ ഭൂമി മറ്റാർക്കും കൈമാറരുതെന്നാണ് വ്യവസ്ഥയെന്ന് സർക്കാർ വാദിക്കും. ഭൂമി ഏറ്റെടുക്കാൻ മുടക്കിയ തുകയ്ക്ക് തുല്യമായ ഓഹരി സംസ്ഥാനത്തിന് നൽകാമെന്ന വ്യവസ്ഥ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടും. 

സ്വകാര്യ വത്കരണത്തിനെതിരെ രണ്ട് യാത്രക്കാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലേല നടപടികൾ കോടതി സ്റ്റേ ചെയ്തിരുന്നില്ല. അതേസമയം നിയമനടപടിക്കൊപ്പം സമരം ശക്തമാക്കാനും എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളും അദാനിക്ക് ലഭിച്ചതിലെ ദുരൂഹത ചൂണ്ടികാട്ടിയാവും എൽഡിഎഫ് പ്രചാരണം. 

എന്നാൽ ലേലത്തിൽ പങ്കെടുത്ത് പരാജയപ്പെട്ട ശേഷം സ്വകാര്യവത്കരണത്തെ വിമർശിക്കുന്ന സർക്കാർ വാദം ഇരട്ടത്താപ്പെന്ന് വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. നിയമനടപടി നേരത്തെ തുടങ്ങേണ്ടതായിരുവെന്ന വാദമാണ് ഇവർ ഉയർത്തുന്നത്.

Follow Us:
Download App:
  • android
  • ios