സാമ്പത്തിക ഞെരുക്കത്തിന്‍റെ സാഹചര്യം ഉണ്ടെങ്കിലും അക്കൗണ്ട്സ് ജനറൽ അനുവദിക്കുന്ന മുറക്ക് മാത്രമെ തുക നൽകേണ്ടതുള്ളു എന്നതിനാൽ വലിയ ബാധ്യതയാകില്ലെന്നാണ് വിലയിരുത്തൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 13297 പേരാണ് സര്‍ക്കാര്‍ സര്‍വ്വീസിൽ നിന്ന് ഒറ്റ ദിവസത്തിൽ പടിയിറങ്ങിയത്. ഇവരുടെ ആനുകൂല്യങ്ങൾക്കായി ആറായിരം കോടി രൂപയാണ് ധനവകുപ്പ് കണ്ടെത്തേണ്ടത്.

വിശദ വിവരങ്ങൾ ഇങ്ങനെ

സെക്രട്ടേറിയറ്റിൽ നിന്ന് 221 പേര്‍, കെ എസ് ഇ ബിയിൽ നിന്ന് പോകുന്നത് ഫീൽഡ് ജീവനക്കാരടക്കം 1022 പേര്‍. വിവിധ വകുപ്പുകളിൽ നിന്നായി ഇത്തവണ സര്‍ക്കാര്‍ സര്‍വ്വീസിൽ നിന്ന് മെയ് 31 ന് പടിയിറങ്ങിയത് 13297 പേരാണ്. പങ്കാളിത്ത പെൻഷൻ വിഷയത്തിൽ അടക്കം ഇടത് സര്‍ക്കാരിന്‍റെ നയസമീപനങ്ങളിൽ ഇടത് അനുകൂല സര്‍വ്വീസ് സംഘടനാ നേതാക്കൾക്ക് പോലും പരിഭവം ഏറെയാണ്. ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യങ്ങൾക്കായി സംസ്ഥാന ഖജനാവിന് 6000 കോടി രൂപയോളം ചെലവുവരുമെന്നാണ് ധനവകുപ്പിന്‍റെ കണക്ക്. സാമ്പത്തിക ഞെരുക്കത്തിന്‍റെ സാഹചര്യം ഉണ്ടെങ്കിലും അക്കൗണ്ട്സ് ജനറൽ അനുവദിക്കുന്ന മുറക്ക് മാത്രമെ തുക നൽകേണ്ടതുള്ളു എന്നതിനാൽ വലിയ ബാധ്യതയാകില്ലെന്നാണ് വിലയിരുത്തൽ.

ജനന സർട്ടിഫിക്കറ്റ് നിർബന്ധം ആക്കുന്നതിന് മുൻപ് സ്കൂളിൽ ചേർക്കുമ്പോൾ മെയ് 31 ആയിരുന്നു ജനനതിയ്യതി ആയി ചേർക്കാറ്. ഇതുമൂലം ഔദ്യോഗിക രേഖകളിലും ജനന തിയതി ഇതായി മാറും. ഇതോടെയാണ് മെയ് 31 കൂട്ടവിരമിക്കല്‍ തീയതിയായി മാറുന്നത്. അതാണ് ഈ ദിവസത്തെ കൂട്ട വിരമിക്കലിന് കാരണം. 2024 മെയ് 31 ന് സംസ്ഥാനത്ത് 16000 ത്തോളം ജീവനക്കാരാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത സർക്കാർ സർവീസിൽ വിരമിക്കാനിരുന്ന അധ്യാപകർ സർവീസിന്‍റെ അവസാന ദിനം മരണപ്പെട്ടു എന്നതാണ്. ഭരതന്നൂർ ജി എച്ച് എസ് എസിലെ ഹിന്ദി അധ്യാപകൻ കോരാണി ആലപ്പുറം സ്വദേശി പ്രഫുല്ലൻ, കിളിമാനൂർ അടമൺ യു പി സ്കൂളിലെ പ്രധാന അധ്യാപകൻ വി അജികുമാർ എന്നിവരാണ് വർഷങ്ങൾ നീണ്ട അധ്യാപനത്തിനൊടുവിൽ യാത്രയയപ്പ് ദിവസം മരണപ്പെട്ടത്. പ്രഫുല്ലൻ ഇന്നലെ സ്കൂളിൽ വച്ച് നടന്ന വിരമിക്കൽ ചടങ്ങിൽ ആശംസാ പ്രസംഗത്തിന് മറുപടി പ്രസംഗം നടത്തി സീറ്റിലേക്ക് ഇരിക്കുന്നതിനിടയിൽ കുഴഞ്ഞുവീണ് മരണമടയുകയായിരുന്നു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ഇദ്ദേഹത്തിന് പുറമേ ഇതേ സ്കൂളിൽ നിന്ന് മറ്റ് സ്കൂളുകളിലേക്ക് സ്ഥലംമാറ്റം ലഭിച്ച എട്ട് അധ്യാപകർക്കും യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. പ്രഫുലൻ യാത്രയയപ്പ് സ്വീകരണത്തിന് ശേഷം മറുപടി പ്രസംഗം നടത്തി തിരിച്ച് കസേരയിൽ വന്ന് ഇരുന്നിരുന്നു. തുടർന്ന് മറ്റൊരധ്യാപകൻ പ്രസംഗിക്കാൻ തുടങ്ങിയപ്പോഴായിരുന്നു അബോധാവസ്ഥയിലിരിക്കുന്ന അധ്യാപകനെ സഹപ്രവർത്തകർ കണ്ടത്. അധ്യാപകനെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഭരതന്നൂർ സ്കൂളിൽ പൊതുദർശനത്തിന് വെച്ചശേഷം വീട്ടിലേക്കു കൊണ്ടുപോയി. സംസ്കാരം ഇന്ന് നടക്കും. വ്യക്ക സംബന്ധമായ അസുഖത്തെ തുടർന്നുള്ള ചികിത്സയ്ക്കിടെ ആയിരുന്നു അജികുമാർ മരിച്ചത്. ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച അജികുമാറിനു വെള്ളിയാഴ്ച രാത്രി ഡയലാസിസ് നടത്തി. ഇന്നലെ രാവിലെ ഹൃദയാഘാതമുണ്ടായി. 6.30 ന് മരിച്ചു. ഭാര്യ:ദുർഗ. മക്കൾ: ഗൗരിപ്രിയ, ഗൗരിനന്ദൻ. സഞ്ചയനം ബുധൻ 8.30ന്. വിദ്യാർഥികൾക്കും നാട്ടുകാർക്കും നോവായിരിക്കുകയാണ് വിരമിക്കൽ ദിനത്തിൽ പ്രിയപ്പെട്ട രണ്ട് അധ്യാപകരുടെയും വേർപാട്.