തിരുവനന്തപുരം: തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ അവശേഷിക്കുന്ന രണ്ട് ഫ്ലാറ്റുകൾ ഇന്ന് തകർക്കും. ഇതിന് ശേഷം തിങ്കളാഴ്ച സുപ്രീം കോടതിയെ മരടിലെ എല്ലാ ഫ്ലാറ്റുകളും തകർത്ത കാര്യം സംസ്ഥാന സർക്കാർ അറിയിക്കും. സമീപത്തെ വീടുകൾക്കൊന്നും നാശനഷ്ടമില്ലാതെ ഫ്ലാറ്റ് പൊളിക്കാനായതിൽ സർക്കാറിന് ആശ്വസിക്കാം. പക്ഷെ തീരദേശപരിപാലന നിയമലംഘനത്തിൽ സമർപ്പിക്കേണ്ട റിപ്പോർട്ടിന്മേൽ ഇനി കോടതി എന്ത് നിലപാടെടുക്കുമെന്നത് സർക്കാറിന് മുന്നിലെ വെല്ലുവിളിയാണ്.

മരട് ഫ്ലാറ്റ് കേസിൽ കെട്ടിട നിർമ്മാതാക്കളെക്കാൾ വിധി നടപ്പാക്കുന്നതിൽ ആദ്യം മെല്ലെപ്പോയ സംസ്ഥാന സർക്കാറിനെതിരെയായിരുന്നു സൂപ്രീം കോടതിയുടെ അതിരൂക്ഷ വിമർശനം. ഒരുവശത്ത് വടിയെടുത്ത് കോടതി, മറുവശത്ത് ഫ്ലാറ്റിലെ താമസക്കാരുടെ പ്രതിഷേധം. കോടതി വിധി നടപ്പാക്കാതെ പറ്റില്ലെന്ന നിലയിലേക്ക് സർക്കാറിന് ഒടുവിൽ എത്തേണ്ടി വന്നു. അപ്പോഴും ഫ്ലാറ്റ് പൊളിക്കുമ്പോൾ എന്ത് സംഭവിക്കുമെന്ന ആശങ്ക നാട്ടുകാർക്കൊപ്പം സർക്കാറിനും ഉണ്ടായിരുന്നു. രണ്ട് ഫ്ലാറ്റുകൾ വിജയകരമായി പൊളിച്ച് നീക്കിയതോടെ ആശങ്കകൾ അകലുകയാണ്. 

എങ്കിലും മരട് ഒരു തുടക്കം മാത്രമാകുമോ എന്ന ആശങ്ക സർക്കാറിനുണ്ട്. കാപ്പിക്കോ റിസോർട്ട് പൊളിക്കണമെന്ന ഉത്തരവാണ് ഇനി മുന്നിലുള്ളത്. സംസ്ഥാനത്ത് തീരദേശ പരിപാലന ചട്ടം ലംഘിച്ചുള്ള മുഴുവൻ കെട്ടിടങ്ങളുടേയും റിപ്പോർട്ടും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 10 തീരദേശ ജില്ലകളിൽ സിഡിസി അഥവാ കോസ്റ്റൽ ഡിസ്ട്രിക്ട് കമ്മിറ്റികളാണ് പരിശോധന നടത്തിയത്. ഓരോ ജില്ലകളിലും നൂറിലേറെ കയ്യേറ്റങ്ങളുണ്ടെന്നാണ് പ്രാഥമിക വിവരം. ജില്ലാ തല റിപ്പോർട്ടുകളിൽ കൂടുതൽ വിശദമായ പരിശോധന നടത്തി സുപ്രീം കോടതിക്ക് അന്തിമറിപ്പോർട്ട് നൽകും. ഈ റിപ്പോർട്ടിൽ കോടതി സ്വീകരിക്കുന്ന നിലപാട് നിർണ്ണായകമാണ്.