പിഴ സഹിതം പിടിച്ചു! വിലങ്ങാടും ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ പണം പിടിച്ച് ഗ്രാമീൺ ബാങ്ക്
കഴിഞ്ഞ 14 ആം തിയ്യതി ഉച്ചക്കാണ് പണം അക്കൗണ്ടിൽ എത്തിയത്. അന്ന് തന്നെ ബാങ്ക് പണം പിടിച്ച് എടുത്തു.
കോഴിക്കോട് : വിലങ്ങാടും ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ സഹായധനത്തിൽ കയ്യിട്ടുവാരി ബാങ്ക്. ഉരുൾപൊട്ടലിൽ വരുമാന മാർഗമായ കട നഷ്ടമായ സിജോ തോമസിൽ നിന്ന് ഗ്രാമീൺ ബാങ്ക് 15000 രൂപ പിടിച്ചു. വരുമാനം നിലച്ചതോടെ ഒരാൾ സഹായ ധനമായി നൽകിയ പണമാണ് ഗ്രാമീൺ ബാങ്ക് പിടിച്ചതെന്ന് സിജോ പറയുന്നു. കഴിഞ്ഞ 14 ആം തിയ്യതി ഉച്ചക്കാണ് പണം അക്കൗണ്ടിൽ എത്തിയത്. അന്ന് തന്നെ ബാങ്ക് പണം പിടിച്ച് എടുത്തു. ഗ്രാമീൺ ബാങ്കിൽ സിജോ തോമസിന് ലോൺ ഉണ്ടായിരുന്നു. ലോൺ തിരിച്ചടവ് തുകയാണ് പിഴ സഹിതം പിടിച്ചത്. വിലങ്ങാട് സിജോ നടത്തിയിരുന്നത് ഫ്രോസൺ മീറ്റ് സ്റ്റാൾ പൂർണമായും ഉരുൾപൊട്ടലിൽ ഒലിച്ചു പോയി. ഇതോടെ വരുമാനം നിലച്ച് പ്രതിസന്ധിയിലായിപ്പോയ കുടുംബത്തിന്റെ പണമാണ് ബാങ്ക് പിടിച്ചത്.
ഉരുൾപൊട്ടലിൽ തകർന്ന പാലത്തിന് കൈവരി നിർമ്മിക്കാൻ ശ്രമം, വിലങ്ങാട് നാട്ടുകാരുടെ പ്രതിഷേധം
കഴിഞ്ഞ ദിവസം ചൂരൽമലയിലെ ഗ്രാമീണ ബാങ്കിൽ നിന്ന് 50,000 രൂപ വായ്പ എടുത്ത പുഞ്ചിരി മട്ടത്തെ മിനിമോളുടെ അക്കൌണ്ടിൽ നിന്നും ഗ്രാമീൺ ബാങ്ക് ഇഎംഐ പിടിച്ചിരുന്നു. സർക്കാരിൽ നിന്നും കിട്ടിയ അടിയന്തിര ധനസഹായം അക്കൌണ്ടിൽ വന്നതിന് പിന്നാലെയാണ് പണം പിടിച്ചത്. എല്ലാം നഷ്ടപ്പെട്ട് വയനാട്ടിലെ ക്യാമ്പുകളിൽ കഴിയുന്നവരോടുളള ബാങ്കിന്റെ ക്രൂരത ഏഷ്യാനെറ്റ് ന്യൂസിലൂടെ പുറത്ത് വന്നതിന് പിന്നാലെ ബാങ്ക് പണം തിരികെ നൽകി.