Asianet News MalayalamAsianet News Malayalam

കൊവിഡ് 19: ജാഗ്രതയില്‍ നിന്ന് കടുത്ത നിയന്ത്രണങ്ങളിലേക്ക് കേരളം; കാസര്‍കോടും എറണാകുളത്തും അതീവശ്രദ്ധ

സംസ്ഥാനത്ത് 44396 പേരാണ് നിരീക്ഷണത്തിലുള്ളത്

ഇതിൽ 225 പേർ വിവിധ ആശുപത്രികളിലാണ്

ഇന്നലെ മാത്രം 56 പേരാണ് പുതുതായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്

kerala have strictly restriction under covid 19
Author
Thiruvananthapuram, First Published Mar 21, 2020, 12:17 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 12 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരികരിച്ചതോടെ സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ ഇന്ന് പ്രവർത്തിക്കില്ല. ആറ് കേസുകൾ ഒരു ദിവസം റിപ്പോർട്ട് ചെയ്ത കാസർകോട് ഇന്ന് മുതൽ കുടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സർക്കാർ ഓഫീസുകൾ ഒരാഴ്ചത്തേക്കും ആരാധനാലയങ്ങൾ ക്ലബുകൾ എന്നിവ രണ്ടാഴ്ചത്തേക്കും അടച്ചിടാനാണ് തീരുമാനം. കടകൾ രാവിലെ 11 മുതൽ 5 വരെ മാത്രമേ പ്രവർത്തിക്കു. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാനസർക്കാർ അറിയിച്ചു. അതിർത്തികളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കും.

സംസ്ഥാനത്ത് 44396 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 225 പേർ വിവിധ ആശുപത്രികളിലാണ്. ഇന്നലെ മാത്രം 56 പേരാണ് പുതുതായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്.

അതിനിടെ കാസർക്കോടുളള രോഗി കാണിച്ചത് വിചിത്രസ്വഭാവമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ഇയാൾ നിരവധി വിവാഹചടങ്ങുകളിലും ഫുട്ബോൾ മത്സരങ്ങളിലുമൊക്കെ പങ്കെടുത്തതാണ് ആശങ്കയുണ്ടാക്കുന്നത്. ഇയാളുടെ സഞ്ചാരപഥം തയ്യാറാക്കലാണ് ദുഷ്ക്കരണം.

ജില്ലയിൽ കടകളുടെ പ്രവർത്തനം രാവിലെ 11 മുതൽ വൈകീട്ട് അഞ്ച് മണിവരെയാക്കിയിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് സംസ്ഥാനത്താകെ നിയന്ത്രണം. ഗ്രൂപ്പ് ബി,സി.,ഡി വിഭാഗത്തിലെ സർക്കാർ ജീവനക്കാർ 31 വരെ ഒന്നിടവിട്ട ദിവസം ഓഫീസിലെത്തിയാൽ മതി. ആദ്യ ദിനം അവധി ലഭിക്കുന്നവർ അടുത്ത ദിവസം ജോലിക്കെത്തണമെന്നാണ് വ്യവസ്ഥ. അടുത്ത രണ്ട് ശനിയാഴ്ചകൾ എല്ലാ വിഭാഗങ്ങൾക്കും അവധിയായിരിക്കും.

എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷകളടക്കം ഉപേക്ഷിക്കാനും ഇന്നലെ തീരുമാനിച്ചിരുന്നു. സ്കൂൾ കോളേജ് അധ്യാപകർക്കും അവധിയായിരിക്കും. ഗുരുവായൂർ ക്ഷേത്രത്തിലടക്കം ഭക്തർക്ക് നിയന്ത്രണം ഉണ്ടാകും. വിവാഹം, ചോറൂണ്, ഉദയാസ്തമയപൂജ എന്നിവ ഉണ്ടാകില്ല.

ഉത്സവത്തിനായി 28 ന് നട തുറക്കുന്ന ശബരിമല ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കില്ല. പമ്പയിൽ നടക്കുന്ന ആറാട്ടിലും ഭക്തർക്ക് പ്രവേശനമില്ല. ആചാരപരമായ ചടങ്ങുകൾ മാത്രം നടത്താനാണ് തീരുമാനം.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios