കോടതിയുടെ ആശങ്കകൾക്ക് എന്തു കൊണ്ട് സർക്കാർ മറുപടി നൽകുന്നില്ലെന്നും കോടതി ചോദിച്ചു.
കൊച്ചി: കെ റെയിൽ കേസിൽ വിധി പറഞ്ഞത് ജനപക്ഷത്ത് നിന്നാണെന്ന് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. നിയമപരമായി സർവ്വേ നടത്തണമെന്നാണ് കോടതി ആഗ്രഹിക്കുന്നത്. കോടതിയുടെ ആശങ്കകൾക്ക് എന്തു കൊണ്ട് സർക്കാർ മറുപടി നൽകുന്നില്ലെന്നും കോടതി ചോദിച്ചു.
സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി നടക്കുന്ന സർവ്വേ നടപടികളെ ചോദ്യം ചെയ്ത് ഭൂവുടമകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിക്കുന്നതിനിടെ കഴിഞ്ഞ ദിവസം സിൽവർ ലൈൻ പദ്ധതിക്കെതിരായ ഹർജികൾ തള്ളിയ സുപ്രീംകോടതി വിധിയെ പറ്റിയും ഹൈക്കോടതി പരാമർശിച്ചു. പാൻ ഇന്ത്യ കാഴ്ച്ചപ്പാടിൽ ആണ് സുപ്രീംകോടതിയുടെ വിധിയെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സിൽവർ ലൈൻ കേരളത്തിൻ്റെ മാത്രം പ്രൊജക്ടല്ല.
സർവ്വേയുടെ ഭാഗമായി കല്ലിടുന്നതിലാണ് കോടതിയുടെ ആശങ്ക. ഭൂമിയേറ്റെടുക്കാൻ വേണ്ടിയല്ല കല്ലിടുന്നതെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയില്ല. ഇപ്പോൾ ഇട്ട കല്ലുകൾ സ്ഥിരമാണോ എന്നതിലും വ്യക്തത വേണം. കല്ലിട്ട ഭൂമി ബാങ്കിൽ പണയംവയ്ക്കാൻ സാധിക്കുമോ എന്ന കാര്യത്തിലും വ്യക്തത വേണം. നിരവധിയാളുകളുടെ വീടുകളിൽ അവരുടെ അനുമതിയില്ലാതെ കല്ലിട്ട് പോകുന്ന നിലയുണ്ട്. ജനങ്ങളുടെ ആശങ്കയ്ക്ക് കൃത്യമായി മറുപടി പറയാൻ സർക്കാർ തയ്യാറാവണം
